തായ്‌പേയ് സിറ്റി: സ്നിക്കേഴ്‌സിന്റെ പരസ്യ ചിത്രത്തില്‍ തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി കാണിച്ചതില്‍ സ്‌നിക്കേഴ്‌സ് കമ്പനി ഉടമ മാര്‍സ് റിഗ്ലി ക്ഷമാപണം നടത്തി. സ്‌നിക്കേഴ്‌സ് ബാറിന്റെ പരസ്യം തായ്‌വാനെ സ്വതന്ത്ര രാജ്യമായി വിശേഷിപ്പിച്ചതിനെത്തുടര്‍ന്ന് ചൈനയിലുണ്ടായ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് റിഗ്ലി മാപ്പ് പറഞ്ഞത്. ചൈനയുടെ ദേശീയ പരമാധികാരത്തെ മാനിക്കുന്നു എന്നും റിഗ്ലി കൂട്ടിചേര്‍ത്തു.
ചൈനയില്‍ തായ്വാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്ന് പറയുന്നത് തന്നെ വളരെ വിലക്കുളള കാര്യമായിരിക്കെയാണ് ദക്ഷിണ കൊറിയന്‍ ബോയ്ബാന്‍ഡ് ബി.ടി.എസ് ഇത്തരമൊരു പരസ്യം പ്രോമോട്ട് ചെയ്തത്. ഉടനെ തന്നെ സ്‌നിക്കേഴ്‌സ് നട്ടി മിഠായിയുടെ ഈ പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും പ്രതിഷേധങ്ങള്‍ വഴിയൊരുക്കുകയും ചെയ്തു.
ഏഷ്യയിലെ ചില പ്രദേശങ്ങളിലെ സ്‌നിക്കേഴ്‌സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ ഞങ്ങള്‍ വളരെ ഗൗരവമായിട്ടാണ് എടുത്തിട്ടുളളതെന്നും. ഞങ്ങളുടെ പക്കല്‍ നിന്നുമുണ്ടായ ഈ പിഴവിന് അങ്ങേയറ്റം ക്ഷമ ചോദിക്കുന്നുവെന്നും സ്‌നിക്കേഴ്‌സ് ചൈനയുടെ വെയ്‌ബോ പേജില്‍ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ മാര്‍സ് റിഗ്ലി കുറിച്ചു.
സ്നിക്കേര്‍സ് കമ്പനി അവരുടെ ലോക്കല്‍ ടീമിനോട് അതിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ അക്കൗണ്ടും പരിശോധിച്ച് പബ്ലിസിറ്റി കണ്ടന്റുകള്‍ കൃത്യമാണെന്ന് ഉറപ്പ് വരുത്തുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷം, ഈ ലോകത്ത് ഒരൊറ്റ ചൈന മാത്രമേയുള്ളൂ എന്നും തായ്‌വാന്‍ ചൈനയുടെ അവിഭാജ്യഭാഗമാണെന്നും പറഞ്ഞ് കൊണ്ട് സ്നിക്കേഴ്‌സ് ചൈന സമൂഹ മാധ്യത്തില്‍ ഒരു പോസ്റ്റ് കൂടി പങ്കിട്ടു.
കഴിഞ്ഞാഴ്ച്ച യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ചൈനയുടെ മുന്നറിയിപ്പുകള്‍ ലംഘിച്ച് തായ്‌വാന്‍ സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് തലസ്ഥാനമായ തായിപേയ് സിറ്റിയില്‍ രോഷാകുലമായ അന്തരീക്ഷമായിരുന്നു. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും വിഘടനവാദം രൂക്ഷമാകുകയാണെങ്കില്‍ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുമെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ അമേരിക്കയുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്ന് ചൈന വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ചൈനയുടെ വന്‍തോതിലുള്ള ഉപഭോക്ത വിപണിയിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുമെന്ന ഭീതിയില്‍ ക്ഷമാപണം നടത്തുന്ന ആദ്യ അന്താരാഷ്ട്ര കമ്പനിയൊന്നുമല്ല മാര്‍സ് റിഗ്ലിയുടേത്. 2019ല്‍ ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ ഡിയോര്‍, തായ്‌വാന്‍ ഉള്‍പ്പെടാത്ത ചൈനയുടെ ഭൂപടം ഉപയോഗിച്ചതിന് ക്ഷമാപണം നടത്തിയിരുന്നു. കൂടാതെ 2018ല്‍ ചൈനയിലെ ഹോട്ടല്‍ ശൃംഖലയായ മാരിയറ്റിന്റെ വെബ്‌സൈറ്റ് ഇറക്കിയ ഉപഭോക്താക്കള്‍ക്കുള്ള ചോദ്യാവലിയില്‍ തായ്‌വാന്‍, ടിബറ്റ്, ഹോങ്കോങ് എന്നിവയെ പ്രത്യേക രാജ്യങ്ങളായി പട്ടികപ്പെടുത്തിയതിനെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് ആ സ്ഥാപനത്തെ ചൈന ബാന്‍ ചെയ്തിരുന്നു.