U19 ലോകകപ്പ് ഗ്രൂപ്പ് ഡി-യില്‍ നേപ്പാളിനെ തകര്‍ത്ത് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ബഫല്ലോ പാര്‍ക്, ഈസ്റ്റ് ലണ്ടനില്‍ നടന്ന മത്സരത്തില്‍ 64 റണ്‍സിനാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 303 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡ് നേപ്പാളിന് മുമ്പില്‍ വെച്ചത്.
മോശമല്ലാത്ത തുടക്കമാണ് കിവികള്‍ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാര്‍ ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 25 പന്തില്‍ 14 റണ്‍സ് നേടിയ ലൂക് വാട്സണിന്റെ വിക്കറ്റാണ് ന്യൂസിലാന്‍ഡിന ആദ്യം നഷ്ടമായത്. മൂന്നാം നമ്പറില്‍ സ്നേഹിത് റെഡ്ഡിയാണ് കളത്തിലിറങ്ങിയത്. ശേഷം ഓപ്പണര്‍ ടോം ജോണ്‍സ് 33 റണ്‍സ് നേടി പുറത്തായപ്പോള്‍ ഒലിവര്‍ തെവാട്ടിയ ബ്രോണ്‍സ് ഡക്കായും പുറത്തായി.
സ്നേഹിതിന്റെ കരുത്തില്‍ 303 റണ്‍സിന്റെ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡ് നേപ്പാളിന് മുമ്പില്‍ വെച്ചത്. എന്നാല്‍ ആ ലക്ഷ്യത്തിലേക്കെത്താന്‍ നേപ്പാളിന് സാധിച്ചില്ല. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് നേപ്പാളിന് നേടാന്‍ സാധിച്ചത്. 104 പന്തില്‍ 90 റണ്‍സുമായി അര്‍ജുന്‍ കുമല്‍ ശ്രമിച്ചുനോക്കിയെങ്കിലും മറ്റുളവരില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ നേപ്പാളിന് തോല്‍വി വഴങ്ങേണ്ടി വരികയായിരുന്നു.