| Tuesday, 9th July 2024, 5:55 pm

മറിമായം ടീം സിനിമക്കായി ഒന്നിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു: സ്‌നേഹ ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ നര്‍മത്തിലൂടെ അവതരിപ്പിച്ച് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ പരമ്പരയാണ് മറിമായം. ഈ ടീമിന്റെ വരാനിരിക്കുന്ന സിനിമയാണ് പഞ്ചായത്തു ജെട്ടി. മറിമായത്തിന്റെ സംവിധായകരായ മണികണ്ഠന്‍ പട്ടാമ്പി, സലിം ഹസന്‍ എന്നിവര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈ സിനിമയെ കുറിച്ച് പറയുകയാണ് സ്‌നേഹ ശ്രീകുമാര്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സ്‌നേഹ.

‘ഈ സിനിമയുടെ സ്‌ക്രിപ്റ്റ് തന്നെയാണ് ഇതിന്റെ പ്രത്യേകത. മറിമായം ടീം ഒരുമിച്ച് ഒരു സിനിമ ചെയ്യുകയാണ്. ഇത് ഒരു വലിയ ഉത്തരവാദിത്തമായിരുന്നു. മറിമായം ഇഷ്ടപ്പെടുന്ന ആളുകളാണ് എല്ലാവരും. അതുകൊണ്ട് നമ്മള്‍ ചെയ്യുന്ന സിനിമ മോശമാകില്ലെന്ന പ്രതീക്ഷ അവര്‍ക്കുണ്ടാകും. അപ്പോള്‍ അവരുടെ പ്രതീക്ഷക്കൊത്ത് നില്‍ക്കുക എന്നത് വലിയ ബാധ്യത തന്നെയാണ്.

ഈ സിനിമ ചെയ്തു തുടങ്ങുമ്പോള്‍ തന്നെ സാധാരണ മറിമായത്തില്‍ കാണുന്ന ഞങ്ങളെ, അതായത് നിങ്ങള്‍ കാണുന്ന കഥാപാത്രങ്ങളെ ഈ സിനിമയില്‍ വേണ്ടെന്ന തീരുമാനമുണ്ടായിരുന്നു. അതിനാല്‍ ഞങ്ങളുടെ ആക്ടിങ്ങ് സ്റ്റൈലിനെ കണ്‍ട്രോള്‍ ചെയ്യാന്‍ സംവിധായകര്‍ ശ്രമിച്ചിരുന്നു. മറിമായത്തിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങള്‍ ആവര്‍ത്തിക്കപ്പെണ്ട എന്ന തീരുമാനമെടുത്തിരുന്നു.

പക്ഷെ അങ്ങനെ പറയുമ്പോഴും മറിമായം ടീമിന്റെ സിനിമ വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ പ്രതീക്ഷിക്കുക മറിമായത്തിന്റെ ചെറിയ ഫ്‌ളേവര്‍ ഉണ്ടാകുമെന്നാണ്. ഇത് വളരെ വലിയ ഒരു റിസ്‌ക്കാണ്. ആക്ടറെന്ന രീതിയില്‍ നമ്മള്‍ മറിമായത്തിലെ പോലെ ആകാനും പാടില്ല, എന്നാല്‍ ആളുകള്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് നമ്മള്‍ ആ സിനിമയില്‍ വരികയും വേണം.

ഇത് വലിയ റിസ്‌ക്ക് തന്നെയിരുന്നു. പക്ഷെ ഞാന്‍ കണ്ട ഭാഗങ്ങള്‍ വെച്ചിട്ട് സിനിമ നന്നായി വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ കോമഡിക്ക് വേണ്ടി ഒരു കോമഡി ഞങ്ങള്‍ മറിമായത്തില്‍ കൊണ്ടുവന്നിട്ടില്ല. അതുപോലെ തന്നെയാകും ഈ സിനിമയിലും. ഇതിലും കോമഡിക്ക് വേണ്ടി ഒരു കോമഡി കൊണ്ടുവന്നിട്ടില്ല,’ സ്‌നേഹ ശ്രീകുമാര്‍ പറഞ്ഞു.


Content Highlight: Sneha Sreekumar Talks About Panchayath Jetty Movie

We use cookies to give you the best possible experience. Learn more