| Sunday, 3rd October 2021, 6:42 pm

വിമര്‍ശിച്ചത് തങ്ങളല്ല, സുശീലയും തങ്കുവുമാണ്; 'ലൗഡ്‌സ്പീക്കറി'നെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി സ്‌നേഹ ശ്രീകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്‌നേഹ ശ്രീകുമാര്‍. ഈയിടെ കൈരളി ടി.വിയിലെ ലൗഡ്‌സ്പീക്കര്‍ എന്ന പരിപാടിയില്‍ യുവനടിമാരുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് പരിപാടിയ്ക്കും അവതാരകര്‍ക്കുമെതിരെ ഉയര്‍ന്നിരുന്നത്.

പരിപാടിയ്ക്കും തനിക്കുമെതിരായ വിമര്‍ശനങ്ങള്‍ക്ക് വിശദീകരണവുമായി താരം എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സ്‌നേഹ മറുപടി നല്‍കുന്നത്.

‘സ്‌നേഹ ശ്രീകുമാര്‍ എന്ന ഞാന്‍ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. കുറച്ചു ദിവസങ്ങളായി ലൗഡ് സ്പീക്കര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്. ആ പ്രോഗ്രാമില്‍ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെ യാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്.

സുശീല ഒരിക്കലും ഞാന്‍ എന്ന വ്യക്തിയല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ അല്ല ആ കഥാപത്രങ്ങള്‍ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താല്‍ അതിനടിയില്‍വന്നു മോശം കമന്റ് ഇടുകയും, ചീത്തവിളിക്കുകയും ചെയ്യുന്ന കുറെ ആളുകള്‍ ഉണ്ടല്ലോ, അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും.

അസൂയയും കുശുമ്പും ഒക്കെയുള്ള 2 കഥാപാത്രങ്ങള്‍. അവര്‍ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ, ജമാലുവോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.

എസ്തര്‍, ശ്രിന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമര്‍ശിച്ചു അവര്‍ പറയുമ്പോള്‍ ആ സ്റ്റോറിയുടെ അവസാനം 7 മിനിട്ട് സമയമെടുത്ത് ജമാലു പറയുന്നത്, ഓരോരുത്തര്‍ക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യല്‍മീഡിയയില്‍ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകള്‍ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.

പ്രോഗ്രാം മുഴുവനായി കണ്ടവര്‍ക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്. വീഡിയോ മുഴുവനായി അല്ല ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ളത്. ഞാന്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകള്‍ ആസ്വദിക്കാറുമുണ്ട്. ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതില്‍ എനിക്കും വിഷമം ഉണ്ട്,’ എന്നാണ് സ്‌നേഹ കുറിക്കുന്നത്.

എസ്തറിനേയും ശ്രിന്ദയേയും മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് സ്‌നേഹ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ലൗഡ് സ്പീക്കര്‍ എന്ന പരിപാടിയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നത്. ഇവര്‍ക്ക് മറുപടിയുമായി ശ്രിന്ദയും എസ്തറും രംഗത്ത് വന്നിരുന്നു. ‘ഇത്തരം കണ്ടന്റുകള്‍ കൈരളിയില്‍ വരുന്നതാണ് എന്നെ അത്ഭുതപ്പെടുന്നുവെന്നും ഇത് 2021 ആണ്, പക്ഷേ ചിലര്‍ ഇപ്പോഴും ഇരുപതിനായിരം അടി പിന്നിലാണ്,’ എന്നാണ് ശ്രിന്ദ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:

Sneha Sreekumar responds to criticism against ‘loudspeaker’

We use cookies to give you the best possible experience. Learn more