| Thursday, 7th March 2024, 5:47 pm

സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ കോമഡി സീരിയലുകൾക്ക് അവാർഡ് ഇല്ലാത്തത്?: സ്നേഹ ശ്രീകുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സർക്കാർ ടെലിവിഷൻ അവാർഡുകളിൽ നിന്ന് കോമഡി സീരിയലുകൾ ഉൾപ്പെടുത്താത്തതിനെതിരെ നടി സ്നേഹ ശ്രീകുമാർ. അവാർഡിനായി അയച്ച കോമഡി സീരിയലുകളിൽ നിലവാരമുള്ള തമാശ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് പറയുന്നതെന്ന് സ്നേഹ ചൂണ്ടികാണിക്കുന്നുണ്ട്.

കോമഡി സീരിയൽ എന്ന വിഭാഗം ഇല്ലെന്നും സ്വാഭാവികമായും മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്തതെന്നും സ്നേഹ പറയുന്നുണ്ട്. സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് പ്രഖ്യാപിച്ചതെന്നും സ്നേഹ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

‘സർക്കാരിന്റെ ടെലിവിഷൻ അവാർഡ് പ്രഖ്യപിച്ചു. അതിൽ നിലവാരമുള്ള തമാശ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയൽ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്.

നല്ല സീരിയൽ ഇല്ലാതാനും, ഈ പരിപാടികളെയൊക്കെ ഒഴിവാക്കി താനും എന്നിട്ട് ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണവും. സത്യത്തിൽ സർക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്?

നിലവിൽ ഉള്ള കാറ്റഗറിയിൽ അല്ലെ ഈ പ്രോഗ്രാമുകൾ അയക്കാൻ പറ്റുള്ളൂ? അപ്പൊ അവയെ പരിഗണിക്കണ്ടേ? മറിമായത്തിന് അവാർഡിന് അയച്ച എപ്പിസോഡുകൾ എല്ലാം ഒന്നിനൊന്നു നിലവാരം ഉള്ളതും, സാമൂഹ്യപ്രതിബദ്ധത ഉള്ളതും ആയിരുന്നു. ഇതിനു മുന്നേ പല വർഷങ്ങളിൽ മറിമായത്തിന് അവാർഡ് കിട്ടിയിട്ടും ഉണ്ട്. കിട്ടാത്തതിന്റെ വിഷമം ആയി കാണണ്ട, മറിമായത്തിന് തന്നില്ലെങ്കിലും അർഹതയുള്ള മുകളിൽ പറഞ്ഞ ഏതെങ്കിലും പരിപാടിക്ക് കൊടുക്കാമായിരുന്നു.

പിന്നെ പുറത്തു വന്ന റിസൾട്ടിൽ ഫിക്ഷൻ എന്ന വിഭാഗത്തിൽ റിയാലിറ്റി ഷോ ഫോർമാറ്റിൽ ഉള്ള പരിപാടിക്ക് ആണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാർഡ് വന്നത്. ഫിക്ഷൻ ആവണം എന്ന നിർബന്ധം അപ്പോൾ ഈ ഫിക്ഷൻ വിഭാഗത്തിന് ഇല്ലെ? ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന പരിപാടികൾ വേറെ ഉള്ളപ്പോൾ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ്?

ഏതെങ്കിലും പ്രൈവറ്റ് അവാർഡ് ആയിരുന്നെങ്കിൽ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു, ഇത് പക്ഷെ സർക്കാർ അവാർഡ് ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്നു അറിയാൻ ഞങ്ങൾക്ക് താത്പര്യമുണ്ട്. പിന്നെ ഇങ്ങനെ ഒഴിവാക്കുമ്പോൾ അടുത്ത തവണ എൻട്രികൾ കുറയുമല്ലോ?

കഴിഞ്ഞ തവണ സീരിയലുകളെ എല്ലാം ഒഴിവാക്കിയപ്പോൾ നല്ലൊരു വിഭാഗം ഇത്തവണ അവാർഡിന് അയച്ചില്ല. എൻട്രി വരുന്നതിൽ നിന്നും നല്ലത് കണ്ടുപിടിക്കാൻ അല്ലെ ജൂറി? എന്തായാലും മലയാളത്തിൽ നിലവാരം ഉള്ള ആക്ഷേപഹാസ്യ പരിപാടി ഇല്ല എന്നാണ് ജൂറി പറയുന്നത്, നിങ്ങളുടെ അഭിപ്രായം എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കു ഇതിൽ കമന്റ്‌ ചെയ്യാം,’ എന്നാണ് സ്നേഹ കുറിച്ചത്.

Content Highlight: Sneha sreekumar against television award

We use cookies to give you the best possible experience. Learn more