| Monday, 3rd December 2018, 2:33 pm

ശബരിമലയില്‍ താനടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതും സി.പി സുഗതന്‍: ചിത്രസഹിതം വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: “കേരളത്തെ ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനര്‍ സി.പി. സുഗതനാണ് ശബരിമലയില്‍ താനടക്കമുള്ള വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ സ്‌നേഹ കോശി. ഫേസ്ബുക്ക്, ട്വിറ്റര്‍ കുറിപ്പുകളിലൂടെയാണ് സ്‌നേഹ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ശബരിമലയില്‍ എന്‍.ഡി.ടി.വി സംഘം ആക്രമണത്തിന് ഇരയായപ്പോഴുള്ള ചിത്രമടക്കം പങ്കുവെച്ചാണ് സ്‌നേഹ ഇക്കാര്യം വിശദീകരിക്കുന്നത്.

“ശബരിമലയില്‍ ഞങ്ങളുടെ (എന്‍.ഡി.ടി.വി) ടീമിനെ തടയുകയും മുദ്രാവാക്യം വിളിക്കുകയും അതിനു പിന്നാലെ ക്യാമറ കൈകാര്യം ചെയ്യുന്ന ആളെ ആക്രമിക്കുകയും ചെയ്തവരുടെ കൂട്ടത്തിലുണ്ടായിരുന്നയാളാണ് സി.പി സുഗതന്‍. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ രൂപീകരിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറായി അദ്ദേഹത്തെ മുഖ്യമന്ത്രി നിയമിച്ചിരിക്കുന്നു. എനിക്കു തൊട്ടു പിറകിലായി ഓറഞ്ച് ഷാള്‍ ധരിച്ച് നില്‍ക്കുന്നത് അയാളാണ് (ചിത്രത്തില്‍). ഹാദിയയ്‌ക്കെതിരെ അങ്ങേയറ്റം അപഹാസ്യമായ പരാമര്‍ശം നടത്തിയവരുടെ കൂട്ടത്തിലും ഇയാളുണ്ടായിരുനെന്ന് മറക്കേണ്ട.” എന്നാണ് സ്‌നേഹ കോശിയുടെ കുറിപ്പ്.

Also Read:മധ്യപ്രദേശില്‍ ഒരിടത്ത് ഇ.വി.എം രേഖപ്പെടുത്തിയത് പോള്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍: പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ നടപടിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

ശബരിമലയിലേക്കെത്തിയ യുവതികള്‍ക്കെതിരെ അക്രമണവുമായി രംഗത്തെത്തിയ സി.പി സുഗതനെ വനിതാ മതില്‍ ജോയിന്റ് കണ്‍വീനറായി നിയമിച്ച നടപടി വിവാദമായിരിക്കുകയാണ്. കഴിഞ്ഞദിവസം ശബരിമലയിലേക്ക് പോകാനായെത്തിയ രണ്ട് യുവതികളെ തടഞ്ഞവരുടെ കൂട്ടത്തില്‍ സുഗതനുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെയും സുഗതന്‍ ശബരിമലയില്‍ സ്ത്രീകള്‍ക്കെതിരെ അക്രമമഴിച്ചുവിട്ടിരുന്നെന്ന സ്‌നേഹയുടെ വെളിപ്പെടുത്തല്‍.

അതിനിടെ, വനിതാ മതില്‍ ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടിയാണെങ്കില്‍ പിന്മാറുമെന്ന് സി.പി. സുഗതന്‍ അറിയിച്ചിട്ടുണ്ട്. മതില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടതല്ലെന്നാണ് കരുതുന്നത്. യുവതീപ്രവേശത്തെ താന്‍ അനുകൂലിക്കുന്നുമില്ല. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനമാകും വരെ യുവതീപ്രവേശം പാടില്ലെന്നാണ് നിലപാടെന്നും സുഗതന്‍ പറഞ്ഞിരുന്നു.

ഹാദിയയുടെ അച്ഛന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോകുമായിരുന്നു എന്ന് പറഞ്ഞ സി.പി. സുഗതനെ ശബരിമല സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയതില്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു.

കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ വി.ടി ബല്‍റാം, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍.പി ഭാസ്‌കര്‍ എന്നിവര്‍ സുഗതനെതിരെ രംഗത്ത് വന്നിരുന്നു.

2019 ജനുവരി ഒന്നിന് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സ്ത്രീകളെ അണിനിരത്തി വനിതാ മതില്‍ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

Also Read:“ഞാന്‍ മരിച്ചിട്ടില്ല; ഇത് ശരിക്കും ഞാന്‍ തന്നെയാ: മരിച്ചെന്നും ഡ്യൂപ്പാണ് ഭരിക്കുന്നതെന്നുമുള്ള പ്രചരണങ്ങള്‍ക്കെതിരെ നൈജീരിയന്‍ പ്രസിഡന്റ്

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള കൂട്ടായ പരിശ്രമങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമുദായ സംഘടനകളുടെ യോഗമാണ് തീരുമാനിച്ചത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തില്‍ രൂപീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more