പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ടോക്‌സിക്കിന്റെ അപ്‌ഡേറ്റ് യാഷിന്റെ പിറന്നാൾ ദിനത്തിൽ ബെർത്ത് ഡേ പീക് വീഡിയോയിലൂടെ അണിയറപ്രവർത്തകർ റിലീസ് ചെയ്തു.
ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമായ ‘ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്സ്’ ഒരുക്കുന്നത് മലയാളിയായ ഗീതു മോഹൻദാസാണ്. മൂത്തോൻ എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് ഒരുക്കുന്ന സിനിമയാണ് ടോക്സിക്.
വെളുത്ത സ്യൂട്ട് ധരിച്ച്, ഫെഡോറയും ചുരുട്ടും പിടിച്ചിരിക്കുന്ന യാഷിനെയാണ് വീഡിയോയിൽ കാണുന്നത്. കെ.ജി.എഫിലെ റോക്കി ഭായിയെ ഓർമിപ്പിക്കും വിധം കിടിലൻ സ്വാഗിലുള്ള യാഷിനെ വീഡിയോയിൽ കാണാം. കഥയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ യാതൊരു സൂചനയും നൽകാത്ത വീഡിയോ നിമിഷ നേരംകൊണ്ട് നിരവധിപേരാണ് കണ്ടിരിക്കുന്നത്.
പ്രശാന്ത് നീൽ ഒരുക്കിയ കെ.ജി.എഫ്, കെ.ജി.എഫ് 2 എന്നീ സിനിമകൾക്ക് ശേഷം വരുന്ന യാഷ് ചിത്രമാണ് ടോക്സിക്. ഒരു സിനിമയിലൂടെ ഇന്ത്യയൊട്ടാകെ വലിയ ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കെ.ജി.എഫിന് ശേഷം അടുത്ത സിനിമ ഏതായിരിക്കും എന്ന ആകാംക്ഷയിൽ ഇരിക്കുമ്പോഴാണ് ഗീതു മോഹൻദാസുമൊത്തുമുള്ള ടോക്സിക്ക് ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം വരുന്നത്.
മികച്ച സംവിധായികയായ ഗീതു ഏത് വിധത്തിലാവും യാഷിനെ ഉപയോഗിക്കുകയെന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ദേശീയ അവാർഡും ഗ്ലോബൽ ഫിലിം മേക്കിങ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ഗീതു മോഹൻദാസ് ഗംഭീരമായ ഒരു സിനിമാനുഭവം ടോക്സിക്കിലൂടെ പ്രേക്ഷകർക്ക് നൽകുമെന്നുറപ്പാണ്.
Content Highlight: Sneak Peak Vedio Of Yash’s Toxic Movie