| Tuesday, 27th October 2020, 8:45 am

'സാമ്പത്തിക സംവരണം സാമൂഹ്യ നീതിയ്‌ക്കെതിരും ഭരണഘടനാ വിരുദ്ധവും'; യു.ഡി.എഫ് നയം വ്യക്തമാക്കണമെന്നും എസ്.എന്‍.ഡി.പി യോഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേര്‍ത്തല: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മുന്നാക്ക സംവരണം സാമൂഹ്യ നീതിക്കെതിരും ഭരണഘടനാവിരുദ്ധവുമാണെന്ന് എസ്.എന്‍.ഡി.പി യോഗം കൗണ്‍സില്‍. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഈഴവ-തീയ്യ-ബില്ലവ സമുദായത്തിനുള്ള വിദ്യാഭ്യാസ സംവരണം ഇരട്ടിയാക്കണമെന്നും എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നിലവിലെ സംവരണവിഷയത്തില്‍ പ്രതിപക്ഷനേതാവും യു.ഡി.എഫ് കണ്‍വീനറും നയം വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കേരളത്തിലെ എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 65 ശതമാനവും മുന്നാക്ക സമുദായങ്ങളുടെ ഉടമസ്ഥതയിലാണ്. മാനേജ്‌മെന്റ് ക്വാട്ടയിലൂടെ മുന്നാക്കസമുദായാംഗങ്ങള്‍ക്ക് 70 ശതമാനം പങ്കാളിത്തമാണു ലഭിക്കുന്നത്. അതിനു പുറമേയാണ് പുതുതായി അനുവദിച്ചിരിക്കുന്ന 10 ശതമാനം സാമ്പത്തിക സംവരണം.

പുതിയ സര്‍ക്കാര്‍ ഉത്തരവ് ജാതി സംവരണത്തിന് എതിരാണെന്നും എസ്.എന്‍.ഡി.പി ആരോപിച്ചു. മുന്നാക്ക സംവരണം പത്ത് ശതമാനമെന്നത് അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തേ പറഞ്ഞിരുന്നു. മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലൂടെ പിന്നാക്ക-മുന്നാക്ക അന്തരം വര്‍ധിക്കുകയാണ്. ഒരു തുണ്ടു ഭൂമി ഇല്ലാത്തവന് ഇനിയും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാതിരിക്കുമ്പോള്‍ ഏക്കറു കണക്കിനു ഭൂമിയും മാളികകളുമുള്ള കോടിപതികള്‍ സംവരണത്തിന്റെ ഗുണഭോക്താക്കളാകുന്ന കാഴ്ചയാണ് ഇനി കാണാനിരിക്കുന്നത്. പദവികളിലും അവസരങ്ങളിലുമുള്ള പിന്നാക്ക-മുന്നാക്ക അന്തരം കുറയ്ക്കുകയാണു സംവരണത്തിന്റെ ലക്ഷ്യം. പക്ഷെ മറിച്ചാണു സംഭവിക്കുന്നത്’- അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SNDP opposes economic reservation
 

We use cookies to give you the best possible experience. Learn more