കൊല്ലം: ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നിലപാട് പച്ചയായ ജാതി വിവേചനവും അയിത്തവുമാണെന്ന് എസ്.എന്‍.ഡി.പി യോഗം മുഖപത്രം.
ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം മുഖപത്രം യോഗനാദം എത്തിയത്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച യോഗനാദത്തിലെ മുഖപ്രസംഗത്തിലാണ് മേല്‍ശാന്തി നിയമനത്തെക്കുറിച്ചുള്ള വിമര്‍ശനം വന്നത്.
”കാലം മാറിയിട്ടും ലോകം ഇത്ര പുരോഗമിച്ചിട്ടും അവര്‍ണ ജനതയോടുള്ള വിവചനങ്ങളും അവഹേളനങ്ങളും തുടരുകയാണ്. നൂറ്റാണ്ടു കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടി വരുന്നത് നിരാശാജനകമാണ്.
ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നിലപാട് പച്ചയായ ജാതി വിവേചനവും അയിത്തവുമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരും കേരള സമൂഹവും ഏറ്റെടുക്കണം.
കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലും അവര്‍ണ വിഭാഗക്കാര്‍ മേല്‍ശാന്തി പോയിട്ട് കീഴ്ശാന്തിയോ കഴകക്കാരനോ പോലും ആയിട്ടില്ല. 2002 മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അബ്രാഹ്മണരായ ശാന്തിക്കാരുണ്ട്. കൊച്ചിന്‍, മലബാര്‍ ദേവസ്വങ്ങളില്‍ 2015ലാണ് ഇവരെത്തിയത്.
ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളില്‍ മരുന്നിന് പോലും ഒരാളില്ല. കീഴ്വഴക്കം, പാരമ്പര്യം, കാരായ്മ, താല്‍കാലിക നിയമനം തുടങ്ങിയ ന്യായങ്ങളാണ് അബ്രാഹ്മണരെ ഈ ജോലിയില്‍ നിന്ന് അകറ്റി നിർത്താന്‍ ഇക്കാലത്തും പറയുന്നത്.
ശബരിമലയില്‍ മേല്‍ശാന്തിയെ കൂടാതെ ഉള്‍കഴകം എന്ന പേരില്‍ ദേവസ്വം ബോര്‍ഡിന്റെ തന്നെ കീഴ്ശാന്തി തസ്തികയുണ്ട്. സീനിയോരിറ്റിയുടെ പേരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ഈ നിയമനത്തിനും അബ്രാഹ്മണരെ പരിഗണിക്കാറില്ല. ഏറ്റുമാനൂര്‍, വൈക്കം ക്ഷേത്രങ്ങളില്‍ കീഴ്ജാതിക്കാര്‍ വരുമെന്നതിന്റെ പേരില്‍ കഴകം തസ്തികകള്‍ പോലും ഒഴിച്ചിടുകയാണ് പതിവ്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ പ്രമുഖ ക്ഷേത്രങ്ങളിലാകട്ടെ ജാതിഭ്രാന്ത് കൊടികുത്തി വാഴുകയാണ്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ആനപ്പുറത്ത് കയറുന്നവര്‍ക്കും പൂണൂല്‍ വേണം. നമസ്‌കാര മണ്ഡപത്തില്‍ ബ്രാഹ്മണര്‍ മാത്രമേ നമസ്‌കരിക്കാവൂ.
ശ്രീകോവിലിനുള്ളില്‍ തന്ത്രിക്കും മേല്‍ശാന്തിക്കും മാത്രമാണ് പ്രവേശനം. തിടപ്പള്ളിയിലും അങ്ങനെ തന്നെ. 20,000 രൂപ നല്‍കി പാപമോചനത്തിന് ബ്രാഹ്മണന്റെ കാലുകഴുകിച്ചൂട്ടു നടത്തുന്ന വഴിപാട് പോലും ഇവിടെ നടക്കുന്നുണ്ട്.
പൂജാരിമാരുടെ കാര്യം ഇങ്ങനെയാണെങ്കില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കണ്‍ട്രോള്‍ ക്ഷേത്രങ്ങളായ പ്രശസ്തമായ തൃശൂര്‍ തിരുവമ്പാടി, പാറമേക്കാവ്, ശങ്കരന്‍കുളങ്ങര ക്ഷേത്രങ്ങളില്‍ സ്ഥിതി ഇതിലും ദയനീയമാണ്. ഈ ക്ഷേത്രങ്ങളിലെ ഭരണസമിതിയിലോ പൊതുസമിതിയിലോ ഈഴവരാദി പിന്നാക്ക സമുദായങ്ങള്‍ക്ക് അംഗത്വം പോലും നല്‍കില്ല.
ഇതിനെതിരെ പലതവണ കോടതിവിധികളുണ്ടായിട്ടും സാംസ്‌കാരിക തലസ്ഥാനത്തെ സവര്‍ണ മാടമ്പിമാര്‍ക്ക് കാലം മാറിയത് മനസിലാകുന്നില്ല. കര്‍ശന നടപടികളെടുക്കാന്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും മുട്ടുവിറക്കുകയും ചെയ്യും.
മേല്‍പ്പറഞ്ഞവയെല്ലാം സര്‍ക്കാരിന് പരോക്ഷമായി നിയന്ത്രണമുള്ള ദേവസ്വം ബോര്‍ഡുകളുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലെ കാര്യങ്ങളാണെങ്കില്‍ കോടികള്‍ വരുമാനമുള്ള പല കുടുംബ, സ്വകാര്യക്ഷേത്രങ്ങളില്‍ നടക്കുന്നത് പച്ചയായ ജാതിക്കളി തന്നെയാണ്. അടിച്ചുതളിക്കാരൊഴികെ മറ്റൊരു തസ്തികകളിലും ഇവിടെ അവര്‍ണരെ പരിഗണിക്കുന്ന പതിവില്ല. പ്രബുദ്ധ കേരളമെന്ന് അഭിമാനിക്കാന്‍ തക്ക കാര്യങ്ങളൊന്നും ഇവിടെയില്ലെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും മലയാളികള്‍ തിരിച്ചറിയണം.
നൂറ്റാണ്ട് കഴിഞ്ഞിട്ടും ജാതിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളം മുക്തമായിട്ടില്ലെന്ന് പറയേണ്ടിവരുന്നത് നിരാശാജനകമാണ്. ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തി നിയമനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുവര്‍ത്തിക്കുന്ന പിന്തിരിപ്പന്‍ നിലപാട് പച്ചയായ ജാതി വിവേചനമാണ്. അയിത്തമാണ്. ഇത് തിരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരും കേരള സമൂഹവും ഏറ്റെടുക്കണം,’ എന്നാണ് യോഗനാദം എഡിറ്റോറിയലിലുള്ളത്.
അതേസമയം, ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈക്കാടതി ദേവസ്വം ബെഞ്ച് ശനിയാഴ്ച വാദം കേള്‍ക്കും. എന്നാല്‍ ശബരിമല മേല്‍ശാന്തി മലയാള ബ്രാഹ്മണനായിരിക്കണം എന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്.
ഹൈക്കോടതി മുന്‍പാകെ ജാതി വിവേചനത്തിനെതിരെ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവോത്ഥാന സമിതിയും എസ്.എന്‍.ഡി.പിയും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്തും നല്‍കിയിരുന്നു. സി.പി.ഐ സാംസ്‌കാരിക സംഘടനയായ യുവ കലാസാഹിതിയും ദേവസ്വം ബോര്‍ഡ് നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.