| Saturday, 20th August 2016, 10:06 am

എസ്.എന്‍.ഡി.പിയുടെ വിവാഹസര്‍ട്ടിഫിക്കറ്റ് നിയമസാധുതയില്ലെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.എന്‍.ഡി.പി നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റിനു നിയമസാധുതയില്ലെന്ന് ഹൈക്കോടതി. നിയമവിധേയമല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ എന്ത് അടിസ്ഥാനത്തിലാണു നല്‍കുന്നതെന്നും കോടതി ചോദിച്ചു.

യോഗത്തിന്റെ ഈ നടപടി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. ആരാണ് വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ സുരേന്ദ്രമോഹന്‍, മേരി ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ക്രിസ്ത്യന്‍ സമുദായാംഗമായ പെണ്‍കുട്ടിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നു കാട്ടി പെണ്‍കുട്ടിയുടെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് സമര്‍പ്പിച്ചിരുന്നു. ഇതു പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ പരാമര്‍ശങ്ങള്‍.

കോടതിയുടെ ആവശ്യപ്രകാരം പെണ്‍കുട്ടിയും യുവാവും കോടതിയില്‍ ഹാജരായിരുന്നു. തങ്ങള്‍ വിവാഹം ചെയ്തതായി അവര്‍ അവകാശപ്പെട്ടു. തെളിവു ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ എസ്.എന്‍.ഡി.പി നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചത്. ഈ സാഹചര്യത്തിലായിരുന്നു കോടതിയുടെ നിരീക്ഷണം.

രണ്ടു മതത്തില്‍പ്പെട്ടവരായതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹമായിരിക്കണമെന്നും കോടതി നിഷ്‌കര്‍ഷിച്ചു.

We use cookies to give you the best possible experience. Learn more