| Friday, 4th August 2023, 8:32 pm

മറുനാടന്‍ മാധ്യമ ലോകത്തെ മലീമസമാക്കുന്നു; ആവര്‍ത്തിച്ചാല്‍ പരസ്യമായി റോഡില്‍ ഈഴവര്‍ കൈകാര്യം ചെയ്യും: എസ്.എന്‍.ഡി.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ചും സമ്മേളനവും നടത്തി എസ്.എന്‍.ഡി.പി. യോഗം യൂത്ത് മൂവ്‌മെന്റ് തിരുവനന്തപുരം ജില്ല കമ്മിറ്റി. ശ്രീനാരായണ ഗുരുവിനെയും എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തെയും അവഹേളിച്ചതിനാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയിരിക്കുന്നത്.

വെള്ളാപ്പള്ളിക്കെതിരെ ഇനി ഒരു വാക്ക് ഉച്ചരിച്ചാല്‍ ഷാജന്‍ സ്‌കറിയയെ പരസ്യമായി റോഡില്‍ കൈകാര്യം ചെയ്യാന്‍ ഈഴവ സമുദായത്തിലെ ചെറുപ്പക്കാര്‍ തയ്യാറാകണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ്.എന്‍.ഡി.പി യോഗം പന്തളം യൂത്ത് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി സംസാരിച്ചു. ശ്രീനാരായണ ഗുരു തങ്ങളുടെ ദൈവമാണെന്നും അദ്ദേഹത്തെ അപമാനിച്ചത് ലോക ജനത പൊറുക്കില്ലെന്നും സിനില്‍ പറഞ്ഞു.

‘കേരളത്തിന്റെ മാധ്യമ ലോകത്തെ മലീസമാക്കുന്ന തെമ്മാടിയാണ് ഈ മറുനാടന്‍ മലയാളിയില്‍ ഇരിക്കുന്നതെന്ന് സൂചിപ്പിക്കുകയാണ്. നമ്മുടെ പരമദൈവം ശ്രീനാരായണ ഗുരു ദേവന്‍ ആണ്.

യേശുദേവന്‍ ബത്‌ലഹേമില്‍ ജന്മം കൊണ്ട് ക്രിസ്ത്യന്‍ സഹോദരങ്ങളുടെ പരമ ദൈവമായി. മുസ്‌ലിം സഹോദരങ്ങളുടെ പരമ ദൈവം അള്ളാഹുവാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പരമ ദൈവം ശ്രീ നാരായണ ഗുരുദേവനാണ്. ആ ഗുരുവിനെയാണ് ഷാജന്‍ സ്‌കറിയ ആക്ഷേപിച്ചത്. അത് പൊറുക്കുവാനോ ക്ഷമിക്കുവാനും ഈ ലോകത്തിലെയോ, കേരളത്തിലെയോ ഈഴവരും മലയാളികളും തയ്യാറാവില്ല.

ശ്രീനാരായണ ധര്‍മപരിപാലന യോഗം കേരളത്തെ കേരളമാക്കി മാറ്റി. കേരളത്തില്‍ മതസമന്വയും മതനിരപേക്ഷതയും നിലനിര്‍ത്തുന്നത് എസ്.എന്‍.ഡി.പി യോഗമാണ്. മഹാഗുരുവിന്റെ ദര്‍ശനങ്ങള്‍ കേരളത്തിന്റെ മണ്ണിലും മനസിലും ആഴത്തില്‍ നിറക്കുന്നതില്‍ പ്രമുഖനായ നേതാവാണ് ഇരട്ടചങ്കനായ ശ്രീ വെള്ളാപ്പള്ളി നടേശന്‍.

ഞങ്ങളുടെ ചങ്കിലെ ചങ്കാണ് വെള്ളാപ്പള്ളി നടേശന്‍ അവര്‍കള്‍. ആ നേതാവിനെതിരെ ഇനി ഒരു വാക്ക് ഉച്ചരിച്ചാല്‍ മറുനാടന്‍ മലയാളിയെ പരസ്യമായി റോഡില്‍ കൈകാര്യം ചെയ്യാന്‍ ഈഴവ സമുദായത്തിലെ ചെറുപ്പക്കാര്‍ തയ്യാറാകണമെന്ന് പ്രഖ്യാപിക്കുകയാണ്,’ സിനില്‍ പറഞ്ഞു.

രാജ്യത്തെ നിയമവാഴ്ചക്കോ, ഭരണഘടനയ്‌ക്കോ തങ്ങള്‍ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ദൈവത്തെ ആക്ഷേപിച്ചപ്പോള്‍ ആരുടെയും കൈവെട്ടാന്‍ പോകാതിരുന്നത് നിയമത്തെ പരിപാലിക്കുന്നത് കൊണ്ടാണെന്നും സിനില്‍ പറഞ്ഞു.

‘ഈ രാജ്യത്തെ നിയമവാഴ്ചക്കെതിരെയോ, ഭരണഘടനയ്‌ക്കെതിരെയോ അല്ല ഞങ്ങള്‍ ഈ പ്രഖ്യാപനം നടത്തുന്നത്. ഈ രാജ്യത്തെ നിയമവാഴ്ച കൃത്യമായി പരിപാലിക്കുന്നവരാണ് ഞങ്ങള്‍. ഞങ്ങളുടെ പരമദൈവത്തെ ആക്ഷേപിച്ചപ്പോഴും ആരുടെയും കൈവെട്ടാനോ കാല് വെട്ടാനോ ഞങ്ങള്‍ പോയില്ല. മറിച്ച് സഹിഷ്ണുതയോടെ, സ്‌നേഹത്തോടെ നിയമത്തെ പരിപാലിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്,’ അദ്ദേഹം പറഞ്ഞു.

content highlights: SNDP MARCH AGAINST SHAJAN SCARIA

We use cookies to give you the best possible experience. Learn more