'തിരുവനന്തപുരത്ത് ഒരു സമുദായക്കാര്‍ സര്‍ക്കാരിനെ കുഞ്ചിക്കുപിടിച്ച് നിര്‍ത്തുന്നത് കണ്ടില്ലേ?'; മതേതരത്വത്തിന്റെ പേര് പറഞ്ഞവര്‍ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്നു: വെള്ളാപ്പള്ളി നടേശന്‍
കൊച്ചി: മതേതരത്വത്തിന്റെ പേര് പറഞ്ഞവര്‍ അവരവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷനില്‍ പുനര്‍നിര്‍മിച്ച ശ്രീ നാരായണ ഗുരുമന്ദിരം സമര്‍പ്പിക്കുന്ന ചടങ്ങിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം
‘എല്ലാം മതേതരത്വമാണ്. എന്നാല്‍ മതേതരത്വത്തിന്റെ പേര് പറഞ്ഞവര്‍ എല്ലായിടത്തും അവരവരുടെ മതം പറഞ്ഞ് എല്ലാം ഹൈജാക്ക് ചെയ്യുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്ത് ഒരു സമുദായക്കാര്‍ സര്‍ക്കാരിനെ കുഞ്ചിക്കുപിടിച്ച് നിര്‍ത്തുന്നത് കണ്ടില്ലേ? ആ സമുദായത്തിനുവേണ്ടി അവരുടെ ആത്മീയ നേതാക്കള്‍വരെ ഉടുപ്പിട്ട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം ചെയ്യാന്‍ വന്നു,’ വെളളാപ്പളളി പറഞ്ഞു.
സ്വന്തം കടല്‍ത്തീരം സംരക്ഷിക്കാന്‍ ഒരു വിഭാഗം കാണിക്കുന്ന കൂട്ടായ്മ കണ്ട് ഈഴവര്‍ പഠിക്കണമെന്നും, ഭരണ- പ്രതിപക്ഷങ്ങള്‍ അവര്‍ക്കെതിരെ പറയാന്‍ മടിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘ജാതി വിവേചനം ഇല്ലാതാക്കാനാണ് ഞാന്‍ ജാതി പറയുന്നത്. തുല്യനീതി എല്ലാവര്‍ക്കും കിട്ടണം. ഒപ്പം നിന്ന സമുദായങ്ങള്‍ സംഘടിതമായി ഉയര്‍ന്നു. സമുദായത്തെ തകര്‍ക്കാന്‍ ചില കുലംകുത്തികള്‍ ശ്രമിക്കുന്നുണ്ട്. കുലംകുത്തികള്‍ നമ്മുടെ സമുദായത്തില്‍ കടന്നുവരുന്നുണ്ട്. അതിനെതിരെ കൂട്ടായി പ്രവര്‍ത്തിക്കണം,’ വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യം നേടി 75 വര്‍ഷം കഴിഞ്ഞിട്ടും വോട്ടുകുത്താന്‍ മാത്രമാണ് ഈഴവന്റെ വിധി. ഭരിക്കുന്നവരുടെ കുറ്റമല്ല, സ്വയം തമ്മിലടിക്കുന്ന സംഘടനയായി എസ്.എന്‍.ഡി.പി സമുദായം മാറിയതാണ് തകര്‍ച്ചക്ക് കാരണമെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
പരിപാടിയില്‍ എസ്.എന്‍.ഡി.പി കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍ അധ്യക്ഷനായിരുന്നു. കെ. ബാബു എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.