തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനെ പിന്തുണച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ സമരം രാഷ്ട്രീയ നേട്ടത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമരങ്ങള്‍ വികസനത്തിനും നാടിന്റെ ഗുണത്തിനും നല്ലതിനല്ല. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സമരത്തിന് പിന്നില്‍ തീവ്രവാദികള്‍ ഉണ്ട് എന്നത് തെറ്റും ശരിയുമാകാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ആര് കൊണ്ടുവന്നു എന്നതല്ല, നല്ലതാണെങ്കില്‍ സഹകരിച്ച്, സഹായിച്ച് മുന്നോട്ട് പോകുകയെന്നതാണ്. ഇന്ന് ഭരണപക്ഷത്തുള്ളവര്‍ പ്രതിപക്ഷത്താണെങ്കിലും തിരിച്ചാണങ്കിലും സമരങ്ങള്‍ ഉണ്ടാകുക, അഭിപ്രായ വ്യത്യാസം ഉണ്ടാകുക എന്നതൊക്കെ സ്വാഭാവികമാണ്.
വിവാദങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കേണ്ടതാണ്. സാമുദായിക നേതാക്കള്‍ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അതേസമയം, സില്‍വര്‍ ലൈന്‍ കെ റെയിലില്‍ പദ്ധതിയില്‍ സര്‍വ്വത്ര ആശയക്കുഴപ്പം മാത്രമണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. കല്ലിട്ടുള്ള സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയതോടെ ആരാണ് കല്ലിടുന്നതെന്നതില്‍ പോലും സര്‍ക്കാരിന് വ്യക്തതയില്ലെന്നും സതീശന്‍ ആരോപിച്ചു.
സാമൂഹികാഘാത പഠനത്തിന് ഒരു കല്ലെന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയുടെ ഡി.പി.ആറിലുള്ള വിവരമല്ല മന്ത്രിമാര്‍ പറയുന്നത്. സര്‍ക്കാര്‍ ഡാറ്റയില്‍ കൃത്രിമം നടത്തുകയാണെന്നും ആര്‍ക്കും ധാരണയില്ലാത്തൊരു പദ്ധതിയാണിതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
പദ്ധതിക്കെതിരെ സമരം ശക്തമാക്കി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് വിരട്ടല്‍ വേണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സ്വത്ത് സമ്പാദന വിവാദത്തില്‍ സജി ചെറിയാന്‍ മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയുടെ സ്വത്തെന്ന് കാണിച്ചത് എങ്ങനെ ഇപ്പോള്‍ 5 കോടി ആയെന്നും സതീശന്‍ ചോദിച്ചു.
Content Highlights: SNDP General Vellapally Natesan supports Kerala govt in Silver Line project