Kerala News
ചാതുർവർണ്യത്തിന്റെ ഉച്ഛിഷ്ടങ്ങളും എല്ലിൻകഷ്ണങ്ങളും മാന്തിയെടുത്ത് വരുന്ന സവർണ തമ്പുരാക്കന്മാരെ നിലക്ക് നിർത്തണം: വെള്ളാപ്പള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
6 days ago
Monday, 10th March 2025, 12:03 pm

ഇരിങ്ങാലക്കുട: തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ വിമർശനവുമായി എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം അങ്ങേയറ്റം പ്രതിഷേധാർഹമെന്നും ഇങ്ങനെയൊരു നടപടിയുണ്ടാകാൻ കാരണമായ കൂടൽമാണിക്യത്തിലെ ആളുകൾക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. ദുഷ്ട ചിന്ത വെച്ച് പുലർത്തുന്ന തന്ത്രിമാരെ സർക്കാർ നിലക്ക് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളത്തിലെ ഹിന്ദു ഐക്യം തകർക്കാൻ കുലംകുത്തികളായി ഇറങ്ങിതിരിച്ചവരാണ് അല്പപ്രാണികളായ ഈ നാല് പേർ. കേരളത്തിലെ മഹാഭൂരിപക്ഷങ്ങളും ഹിന്ദുക്കളുടെ ഐക്യം ആഗ്രഹിക്കുന്നവരാണ്. കേരളത്തിലെ ഹിന്ദു ജനങ്ങൾ ഒന്നാകെ ഇതിനെതിരെ ഉണർന്ന് നിന്നുകൊണ്ട് പ്രതിഷേധിക്കുകയും ഇത്തരം പ്രവണതകൾ ഇനി കേരളത്തിൽ ഉണ്ടാകാത്ത വിധത്തിൽ പ്രവർത്തിക്കുകയും വേണം. ചാതുർവർണ്യത്തിന്റെ ഉച്ഛിഷ്ടങ്ങളും എല്ലിൻകഷ്ണങ്ങളും മാന്തിയെടുത്ത് അതും പൊക്കിപ്പിടിച്ച് കൊണ്ട്, പഴയ വ്യവസ്ഥിതിയും പറഞ്ഞ് വരുന്ന സവർണ തമ്പുരാക്കന്മാരെ നിലത്ത് നിർത്താൻ ഇവിടുത്തെ ഹിന്ദു സമൂഹം ഒന്നായി ഉണർന്ന് പ്രവർത്തിക്കണം. കൂടൽ മാണിക്യം ക്ഷേത്രത്തിലെ ആളുകൾക്കെതിരെ നടപടി വേണം. ദുഷ്ടചിന്ത വെച്ചു പുലർത്തുന്ന തന്ത്രിമാരെ സർക്കാർ നിലയ്ക്ക് നിർത്തണം,’ അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിലെ തന്ത്രിമാരുടെ പ്രതിഷേധം കാരണം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരില്‍ ഓഫീസ് ജോലികളിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക പ്രവൃത്തിക്കാരനായി ബാലു ചുമതലയേറ്റത്. ബാലു ഈഴവ സമുദായ അംഗമായതിനാൽ കഴകപ്രവർത്തിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് തന്ത്രിമാരും വാര്യർ സമാജവും ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയിലെ ആറ് തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് അന്ന് മുതൽ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കേണ്ടതിനാൽ ഏഴാം തീയതി ഭരണസമിതി ചർച്ച വിളിച്ചു. തുടർന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.

 

Content Highlight: SNDP General Secretary Vellappally Natesan criticized caste discrimination at the Irinjalakuda Koodalamanikya Temple in Thrissur