| Sunday, 28th August 2022, 9:13 pm

ഇന്ത്യക്ക് ഒരു സംസ്‌കാരമുണ്ട്; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട, അത് അപകടം: വെള്ളാപ്പള്ളി നടേശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്.എന്‍.ഡി.പിക്കുള്ളതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും വളരെ അടുത്ത് ഇടപെടുന്നത് മാതാപിതാക്കള്‍ക്ക് മനോവിഷമമുണ്ടാക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ല, അത് അപകടകരമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്‌ക്കാരം. വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് ഒരു സംസ്‌കാരമുണ്ട്. യു.ജി.സി പട്ടികയില്‍ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകള്‍ക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന്റെ പല നിലപാടുകളിലും ഞങ്ങള്‍ക്ക് വിഷമമുണ്ട്. സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടില്‍ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഒരു പത്രപ്രവര്‍ത്തകനെ ഒരു ഐ.എ.എ.സുകാരന്‍ വണ്ടിയിടിച്ച് കൊന്നു, എന്നിട്ട് അയാളെ ആലപ്പുഴ കളക്ടറാക്കിവെച്ചു. അതില്‍ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോള്‍ അയാളെ ആ സ്ഥാനത്ത് നിന്നും അപ്പോള്‍ തന്നെ മാറ്റി. ഇത്തരം സംഭവങ്ങള്‍ നല്ല സന്ദേശമല്ല നല്‍കുന്നത്.

നമ്മളാരും അമേരിക്കയില്‍ അല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്ത്യന്‍, മുസ്‌ലിം മാനേജ്‌മെന്റിന്റെ കോളേജുകളില്‍ പോയാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാന്‍ പറ്റില്ല. എന്നാല്‍ എന്‍.എസ്.എസിന്റേയും എസ്.എന്‍.ഡി.പിയുടേയോ കോളേജില്‍ പോയാല്‍ അരാജകത്വമാണ് കാണാന്‍ സാധിക്കുന്നത്. പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയില്‍ തലവെച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദനെ തെരഞ്ഞെടുത്തതില്‍ വെള്ളാപ്പള്ളി നടേശന്‍ അനുമോദിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ അറിവുള്ള തത്ത്വാചാര്യനാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

CONTENT HIGHLIGHTS:  SNDP General Secretary Vellappally Natesan clarified his position on the issue of gender neutrality

We use cookies to give you the best possible experience. Learn more