കൊച്ചി: ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്.എന്‍.ഡി.പിക്കുള്ളതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും വളരെ അടുത്ത് ഇടപെടുന്നത് മാതാപിതാക്കള്‍ക്ക് മനോവിഷമമുണ്ടാക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ല, അത് അപകടകരമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ല, അതല്ല ഭാരത സംസ്‌ക്കാരം. വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് ഒരു സംസ്‌കാരമുണ്ട്. യു.ജി.സി പട്ടികയില്‍ ഹിന്ദു വിഭാഗം നടത്തുന്ന കോളേജുകള്‍ക്കൊന്നും റാങ്കില്ലെന്നും അവിടെയൊന്നും അച്ചടക്കമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സര്‍ക്കാരിന്റെ പല നിലപാടുകളിലും ഞങ്ങള്‍ക്ക് വിഷമമുണ്ട്. സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടില്‍ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഒരു പത്രപ്രവര്‍ത്തകനെ ഒരു ഐ.എ.എ.സുകാരന്‍ വണ്ടിയിടിച്ച് കൊന്നു, എന്നിട്ട് അയാളെ ആലപ്പുഴ കളക്ടറാക്കിവെച്ചു. അതില്‍ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോള്‍ അയാളെ ആ സ്ഥാനത്ത് നിന്നും അപ്പോള്‍ തന്നെ മാറ്റി. ഇത്തരം സംഭവങ്ങള്‍ നല്ല സന്ദേശമല്ല നല്‍കുന്നത്.