ആലപ്പുഴ: പി.സി. ജോര്‍ജ് കേരള രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത നേതാവാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജോര്‍ജിനെക്കൊണ്ട് ബി.ജെ.പിക്ക് ഒരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പി.സി. ജോര്‍ജിന് വിലകൊടുക്കുന്നതും അദ്ദേഹത്തിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ടെന്ന് പറയുന്നതും മാധ്യമങ്ങളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
‘താക്കീത് കൊടുത്തല്ലേ പി.സി ജോര്‍ജിനെ വിട്ടിരിക്കുന്നത്. ഞാനിനിയും പറയുമെന്ന അഹങ്കാരത്തിന്റെ ആള്‍രൂപമായിട്ട് അടുത്ത ദിവസം എറണാകുളത്തും പി.സി. ജോര്‍ജ് പ്രസംഗിക്കാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു.
അദ്ദേഹം ചെന്ന് കേറിയിരിക്കുന്നത് ബി.ജെ.പിയുടെ പാളയത്തിലാണ്. ബി.ജെ.പിക്ക് ഒരു ലാഭവും അദ്ദേഹത്തെ കൊണ്ട് കിട്ടില്ല.
എന്‍.ഡി.എയുടെ ഭാഗമായിരുന്ന സമയത്തും പി.സി. ജോര്‍ജിന് ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല. ഒരു സ്ഥലത്ത് നില്‍ക്കാതെ ചാടിച്ചാടി പോകുന്ന നേതാവാണ് അദ്ദേഹം,’ വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച പി.സി. ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് പൊലീസ്
തടയിട്ടിരുന്നു. ഞായറാഴ്ച ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നിര്‍ദേശം.
അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകനാണ് പൊലീസ് നിര്‍ദേശം നല്‍കിയത്.
സര്‍ക്കാരിന്റെ നാടകം പുറത്തായെന്നായിരുന്നു പൊലീസ് നടപടിയില്‍ പി.സി ജോര്‍ജിന്റെ പ്രതികരണം. പി.സി. ജോര്‍ജ് ബി.ജെ.പിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു നേരത്തെ
അറിയിച്ചിരുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തകന്റെ പരിമിതിയില്‍ നിന്ന് പറയാനുള്ളത് ഇവിടെ നിന്ന് പറയുമെന്നായിരുന്നു പി.സി. ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.
തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിലാണ് ജോര്‍ജിന് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. വെണ്ണല കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.
Content Highlights: SNDP General Secretary Vellapally Natesan says PC George is an irrelevant leader in Kerala politics