ആലപ്പുഴ: പി.സി. ജോര്‍ജ് കേരള രാഷ്ട്രീയത്തില്‍ ഒരു പ്രസക്തിയുമില്ലാത്ത നേതാവാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജോര്‍ജിനെക്കൊണ്ട് ബി.ജെ.പിക്ക് ഒരു ഗുണവുമുണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പി.സി. ജോര്‍ജിന് വിലകൊടുക്കുന്നതും അദ്ദേഹത്തിന് കേരള രാഷ്ട്രീയത്തില്‍ പ്രസക്തിയുണ്ടെന്ന് പറയുന്നതും മാധ്യമങ്ങളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
‘താക്കീത് കൊടുത്തല്ലേ പി.സി ജോര്‍ജിനെ വിട്ടിരിക്കുന്നത്. ഞാനിനിയും പറയുമെന്ന അഹങ്കാരത്തിന്റെ ആള്‍രൂപമായിട്ട് അടുത്ത ദിവസം എറണാകുളത്തും പി.സി. ജോര്‍ജ് പ്രസംഗിക്കാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു.
അദ്ദേഹം ചെന്ന് കേറിയിരിക്കുന്നത് ബി.ജെ.പിയുടെ പാളയത്തിലാണ്. ബി.ജെ.പിക്ക് ഒരു ലാഭവും അദ്ദേഹത്തെ കൊണ്ട് കിട്ടില്ല.
എന്‍.ഡി.എയുടെ ഭാഗമായിരുന്ന സമയത്തും പി.സി. ജോര്‍ജിന് ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ല. ഒരു സ്ഥലത്ത് നില്‍ക്കാതെ ചാടിച്ചാടി പോകുന്ന നേതാവാണ് അദ്ദേഹം,’ വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം ലഭിച്ച പി.സി. ജോര്‍ജിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന് പൊലീസ്
തടയിട്ടിരുന്നു. ഞായറാഴ്ച ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നിര്‍ദേശം.
അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകനാണ് പൊലീസ് നിര്‍ദേശം നല്‍കിയത്.