എറണാകുളം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സി.പി.ഐ.എമ്മിനെതിരെ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ലെന്നും അതിന്റെ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ കിട്ടിയതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എറണാകുളം കുന്നത്തുനാട് എസ്.എന്‍.ഡി.പി ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പരാമര്‍ശം.
മുസ്‌ലിങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. ഇന്നലെകളില്‍ ഇടതുപക്ഷത്തെ സഹായിച്ച ഈഴവര്‍ ഇപ്പോള്‍ മാറി ചിന്തിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൊല്ലം, ആറ്റിങ്ങല്‍, കോട്ടയം, തൃശൂര്‍ ജില്ലകളിലെ ഈഴവരാണ് മാറിചിന്തിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ സൂചിപ്പിച്ചു.
ഇടതുപക്ഷം മുസ്‌ലിങ്ങൾക്ക് ചോദിക്കുന്നതെല്ലാം നല്‍കി. ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരം ആകുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുകയുണ്ടായി.
ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. ഈഴവര്‍ക്കാണ് ഇവിടെ നീതി ലഭിക്കാത്തത്. അധികാരത്തിലും പാര്‍ട്ടിയിലും ഈഴവര്‍ക്ക് പരിഗണനയില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Content Highlight: SNDP General Secretary Vellapalli Natesan criticized CPI(M) for the election defeat