തിരുവനന്തപുരം: ശബരിമല വിധിയില്‍ പുന:പരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനത്തില്‍ പ്രതികരണവുമായി എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 2018 ലെ വിധിയില്‍ സ്റ്റേ ഇല്ലെങ്കിലും
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കേണ്ടതില്ല എന്നാണ് നിലപാടെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
2018 ലെ യുവതീ പ്രവേശന വിധി വന്നപ്പോഴും വെള്ളാപ്പള്ളി ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്തിരുന്ന സാമുദായിക സംഘടനകളുടെ നവോത്ഥാന സമിതിയില്‍ വെള്ളാപ്പിള്ളി പങ്കെടുത്തിരുന്നു.
കൂടാതെ യുവതീപ്രവേശ വിധിയുടെ പാശ്ചാത്തലത്തില്‍ ശബരിമല വിഷയത്തെ മുന്‍നിര്‍ത്തി ഒരു വിഭാഗം വിശ്വാസികള്‍ നടത്തുന്ന സമരത്തെ കലാപമാക്കി മാറ്റാനാണ് എന്‍.എസ്.എസ്. ലക്ഷ്യമിടുന്നതെന്ന രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ പോലെ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് എം.പി കെ. മുരളീധരനും അഭിപ്രായപ്പെട്ടു.
അതേസമയം, പുനഃപരിശോധന ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി നടപടി സുപ്രീം കോടതി നിലപാട് സ്വാഗതാര്‍ഹമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. വിധിയോടെ യു.ഡി.എഫ് നിലപാട് ശരിയെന്ന് തെളിഞ്ഞെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
‘ആക്ടിവിസ്റ്റുകളെ തെരഞ്ഞ് കണ്ടുപിടിച്ച് സര്‍ക്കാര്‍ ശബരിമല കയറ്റാന്‍ കൊണ്ടുപോയതാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമായത്. സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പുറകോട്ട് പോയപ്പോള്‍ മാത്രമാണ് നാട്ടില്‍ സമാധാനം ഉണ്ടായത്’ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ നിര്‍ദേശിച്ചിരുന്നു.
2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്.
പുനപ്പരിശോധന ആവശ്യപ്പെട്ട് 56 ഹരജികള്‍ സുപ്രീം കോടതിക്ക് മുമ്പില്‍ എത്തുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഹരജികളില്‍ വാദം കേട്ടശേഷം അന്തിമവിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം യുവതീപ്രവേശ അനുകൂല വിധി നല്‍കിയവരില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ നരിമാന്‍, ചന്ദ്രചൂഢ് എന്നിവര്‍ വെവ്വേറെ വിധിന്യായമെഴുതിയിരുന്നു.
എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജന വിധിന്യായമെഴുതി. ജസ്റ്റിസ് എ.എം ഖന്‍വില്‍ക്കര്‍, ചീഫ് ജസ്റ്റിസായിരുന്ന മിശ്രയുടെ വിധിന്യായത്തോടു യോജിച്ചു.