എസ്.എന്‍.ഡി.പി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാം; ഈഴവരുടെ എണ്ണം കുറഞ്ഞു: വെള്ളാപ്പള്ളി നടേശന്‍
Kerala News
എസ്.എന്‍.ഡി.പി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാം; ഈഴവരുടെ എണ്ണം കുറഞ്ഞു: വെള്ളാപ്പള്ളി നടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd April 2022, 11:40 am

ആലപ്പുഴ: മറ്റ് മാനേജുമെന്റുകള്‍ തയ്യാറാണെങ്കില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് മൂന്നാംഘട്ട വായ്പാവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.എസ്.സി വഴി നിയമനം നടത്തുമ്പോള്‍ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു.

സ്വകാര്യ വിദ്യാലയങ്ങളില്‍ നിയമനം നടത്തുന്നത് മാനേജരും ശമ്പളം നല്‍കുന്നത് സര്‍ക്കാരുമാണ്. ഇത് എന്ത് ജനാധിപത്യമാണ്. സ്വകാര്യ വിദ്യാലയങ്ങളിലെ എല്ലാ നിയമനങ്ങളും പി.എസ്.സിക്ക് വിടണം. കേരളത്തിലെ ജനസംഖ്യയില്‍ 17 ശതമാനം മാത്രമുള്ള ഒരു സമുദായം 3,500 സ്‌കൂളുകളാണ് കൈവശം വെച്ചിരിക്കുന്നത്.

33 ശതമാനമുണ്ടായിരുന്ന ഈഴവരിന്ന് 25 ശതമാനമായി കുറഞ്ഞു. മറ്റുള്ള സമുദായങ്ങള്‍ അതേസമയം 33- 38 ശതമാനം വരെ അംഗസംഖ്യ ഉയര്‍ത്തുകയും ചെയ്തു. ഈഴവരുടെ സംഖ്യ ഇനിയും കുറഞ്ഞാല്‍ ഇങ്ങനെയൊരു വിഭാഗം ജീവിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ മാത്രമാകും.

തെരഞ്ഞെടുപ്പുകളില്‍ ഈഴവര്‍ ചിഹ്നം നോക്കി കുത്തിയപ്പോള്‍ മറ്റ് സമുദായങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ പേര് നോക്കി കുത്തി. മറ്റുള്ള സമുദായങ്ങള്‍ വോട്ടുബാങ്കായി മാറിയെന്നും സംവരണത്തില്‍ അട്ടിമറി നടക്കുന്നതായും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.

Content Highlights: SNDP All appointments in educational institutions can be left to the government: Vellapally Nadesan