|

ക്ഷേത്ര മേല്‍ശാന്തി നിയമനങ്ങളില്‍ ജാതിഭേദം പാടില്ല; എസ്.എന്‍.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ക്ഷേത്രം മേല്‍ശാന്തി നിയമനങ്ങളില്‍ പൂജാവിധികള്‍ പഠിച്ചവരെ ജാതിഭേദമില്ലാതെ പരിഗണിക്കണമെന്ന് എസ്.എന്‍.ഡി.പി. അധികഭൂമി പിടിച്ചെടുത്ത് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണമെന്നും എസ്.എന്‍.ഡി.പി 113-ാം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

അതേസമയം സമുദായ അംഗങ്ങള്‍ കേസില്‍പെടാതിരിക്കാനാണ് ശബരിമല വിഷയത്തില്‍ തെരുവില്‍ ഇറങ്ങരുതെന്ന് താന്‍ പറഞ്ഞതെന്ന് എസ്.എന്‍.ഡി.പി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സവര്‍ണ കൗശലക്കാര്‍ക്കൊപ്പം തെരുവില്‍ പ്രതിഷേധിച്ചിരുന്നെങ്കില്‍ അകത്തു പോകുന്നത് മുഴുവന്‍ ഈഴവരാകുമായിരുന്നെന്നും പുന്നപ്ര-വയലാര്‍ സമരകാലം മുതല്‍ അതാണ് അവസ്ഥയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കെ.സുരേന്ദ്രന്‍ എത്ര ദിവസമാണ് ജയിലില്‍ കഴിയേണ്ടിവന്നതെന്ന് മറക്കരുതെന്നും സര്‍ക്കാരിനോട് യുദ്ധം ചെയ്ത് എസ്.എന്‍.ഡി.പി നശിക്കണോയെന്നു സമുദായ അംഗങ്ങള്‍ ആലോചിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എസ്.എന്‍.ഡി.പി വാര്‍ഷിക പൊതുയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യോഗത്തില്‍ 76.98 കോടി രൂപയുടെ ബജറ്റിന് അംഗീകാരം നല്‍കി. സാമൂഹ്യക്ഷേമ പരിപാടികള്‍ക്ക് രണ്ട് കോടിയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൂമിവാങ്ങുന്നതിന് 4.5 കോടിയും വകയിരുത്തി. സ്‌കൂള്‍- -കോളേജ് കെട്ടിട നിര്‍മാണത്തിനും ഫര്‍ണീച്ചറിനുമായി 19 കോടിയും മൈക്രോക്രെഡിറ്റ് സ്‌കീമിന് 10 കോടിയും നീക്കിവച്ചു.

ഭവന നിര്‍മാണ പദ്ധതിക്ക് 80 ലക്ഷമാണുള്ളത്. എസ്.എന്‍ ട്രസ്റ്റിലേക്ക് 15 കോടി വകയിരുത്തി. പ്രളയദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച മൂന്ന് കോടി ചെലവിടുകയാണ് ബജറ്റ് ലക്ഷ്യം. അവകാശ സംരക്ഷണ സമരത്തിന് 20 ലക്ഷം നീക്കിവച്ചു. ചേര്‍ത്തല ശ്രീനാരായണ കോളേജ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. എം എന്‍ സോമന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബജറ്റവതരിപ്പിച്ചു.