തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംരഭമായ കിഫ്ബിയുടെ മസാല ബോണ്ടുകള്‍ കൂടുതലും വാങ്ങിയത് എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യു എന്ന സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കനേഡിയന്‍ കമ്പനിയായ സി.ഡി.പി.ക്യു ബോണ്ടുകള്‍ വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും മസാല ബോണ്ട് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രം ഇടപാടുകള്‍ നടക്കുന്നത് എങ്ങനെയാണെന്നും ലാവലിനുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള കേസ് ഇപ്പോഴും സുപ്രീംകോടതിയില്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
9.8 ശതമാനം കൊള്ളപ്പലിശക്കാണ് മസാല ബോണ്ടുകള്‍ വിറ്റത്. എന്നിട്ടും ഈ കമ്പനി ഇത്രയും ബോണ്ടുകള്‍ വാങ്ങി. സര്‍ക്കാരിന്റെ വിശദീകരണത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ധനമന്ത്രിയുടെ പങ്കും വ്യക്തമാകണം. മസാല ബോണ്ട് വാങ്ങിയ കമ്പനികളുടെ പൂര്‍ണവിവരം സര്‍ക്കാര്‍ പുറത്തുവിടണം. ധനസമാഹരണത്തിന് നടന്ന ചര്‍ച്ചകള്‍ എവിടെയാണെന്നും മുഖ്യമന്ത്രി ഇതില്‍ പങ്കെടുത്തോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.