ന്യൂദല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് ഒക്ടോബര്‍ ഒന്നിന് സുപ്രീം കോടതി പരിഗണിച്ചേക്കില്ല. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതുകൊണ്ടാണിത്.
ഒക്ടോബര്‍ ഒന്നിന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ലാവലിന്‍ കേസുമായി ബന്ധപ്പെട്ട അപ്പീലുകള്‍ നീക്കം ചെയ്യരുത് എന്നായിരുന്നു ജസ്റ്റിസ് എന്‍.വി രമണ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയത്.
എന്നാല്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370 ആം വകുപ്പ് ദുര്‍ബലപ്പെടുത്തിയതിന് എതിരായ ഹര്‍ജികള്‍ ഒക്ടോബര്‍ 1 മുതല്‍ പരിഗണിക്കുന്നതിന് ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ അഞ്ച് അംഗ ബെഞ്ചിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രൂപം നല്‍കി. ഇതോടെയാണ് ലാവലിന്‍ കേസ് ഒക്ടോബര്‍ 1 ന് കോടതി പരിഗണിക്കാന്‍ ഉള്ള സാധ്യത കുറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണഘടന ബെഞ്ച് കാശ്മീരും ആയി ബന്ധപ്പെട്ട ഹര്‍ജികളില്‍ ദൈനംദിനം വാദം കേള്‍ക്കുകയാണെങ്കില്‍ ലാവലിന്‍ കേസ് ഉടന്‍ പരിഗണിക്കാന്‍ ഉള്ള സാധ്യത കുറവാണെന്നാണ് അറിയുന്നത്. ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ശാന്തനഗൗഡര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ലാവ്‌ലിന്‍ കേസ് നേരത്തെ പരിഗണിച്ചിരുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ അപ്പീലും വിചാരണ നേരിടണം എന്ന ഉത്തരവിന് എതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെ മൂന്ന് കെ.എസ്.ഇ.ബി മുന്‍ ജീവനക്കാരും നല്‍കിയ അപ്പീലുകളും ആണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
സി.ബി.ഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആണ് സുപ്രീം കോടതിയില്‍ ഹാജരാകുന്നത്. ജമ്മു കശ്മീര്‍ ഹരജികളിലും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് തുഷാര്‍ മേത്തയാണ്.
2003 മാര്‍ച്ചില്‍ ലാവലിന്‍ കരാറില്‍ അഴിമതി നടന്നുവെന്ന സംശയത്തില്‍ എ.കെ. ആന്റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുന്നതോടെയാണ് ലാവ്‌ലിന്‍ കേസ് ചര്‍ച്ചാ വിഷയമാകുന്നത്.
1995 ഓഗസ്റ്റ് 10 ന് പളളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വൈദ്യുതിബോര്‍ഡ് കാനഡയിലെ എസ്.എന്‍.സി ലാവലിനുമായി ധാരണാപത്രം ഒപ്പിട്ടത്. അന്ന് പിണറായി വിജയനായിരുന്നു വൈദ്യുതി ബോര്‍ഡ് മന്ത്രി.
2017 മാര്‍ച്ച് 27 പ്രതിസ്ഥാനത്തുളളവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചെങ്കിലും ഓഗസ്റ്റ് 23 ന് പിണറായിയെ കുറ്റവിമുക്തമാക്കിയ വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പിണറായിയെ തെരഞ്ഞുപിടിച്ച് സി.ബി.ഐ ബലിയാടാക്കിയെന്ന് അന്നത്തെ വിധിയില്‍ ജസ്റ്റിസ് ഉബൈദ് കേസില്‍ പറഞ്ഞിരുന്നു. കേസില്‍ കെ.എസ്.ഇ.ബി ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമാണ് ഉത്തരവാദികളെന്നും 102 പേജുള്ള വിധിപ്രസ്താവത്തില്‍ പറയുന്നത്.
പിണറായി അടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ടെന്നും അന്ന് ജസ്റ്റിസ് ഉബൈദ് വിധിച്ചിരുന്നു. എന്നാല്‍ 2 മുതല്‍ 4 വരെയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് നിര്‍ദ്ദേശവും ഉണ്ടായിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി വന്നത്.