സ്‌നാപ് ഡീലില്‍ കൂട്ടപിരിച്ചുവിടല്‍; പ്രതിഷേധവുമായി തൊഴിലാളികള്‍
Big Buy
സ്‌നാപ് ഡീലില്‍ കൂട്ടപിരിച്ചുവിടല്‍; പ്രതിഷേധവുമായി തൊഴിലാളികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2016, 11:00 am

snapdeal

ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് രംഗത്തെ പ്രമുഖരായ സ്‌നാപ്ഡീല്‍ 200 ഓളം തൊഴിലാളികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.

30 ദിവസത്തിനുള്ളില്‍ പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ മികച്ച പെര്‍ഫോമന്‍സ് തെളിയിക്കുന്നവര്‍ക്ക് മാത്രം കമ്പനിയില്‍ തിരിച്ചുകയറാമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ കാലയളവിനുള്ളില്‍ നടത്തുന്ന ഇവരുടെ പെര്‍ഫോമന്‍സ്അടിസ്ഥാനപ്പെടുത്തിയിരിക്കും ഇനി ഇവരുടെ ഭാവി.

മറ്റ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് കമ്പനികളായ ഫഌപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുമായി കടുത്ത മത്സരം തന്നെയായിരുന്നു സ്‌നാപ്ഡീല്‍ നടത്തിപ്പോന്നത്. എന്നാല്‍ അടുത്തിടെയായി കമ്പനിയുടെ ലാഭത്തിലും ബിസിനസിലും വലിയ ഇടിവ് തന്നെയാണ് ഉണ്ടായത്.

മുന്‍പന്തിയില്‍ നില്‍ക്കാനായി വലിയ സമ്മര്‍ദ്ദം തന്നൊയിരുന്നു തൊഴിലാളികള്‍ക്ക് മേല്‍ ചുമത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് മോശം പ്രകടനം ആരോപിച്ച് 200 ഓളം തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ആറ് മാസമായി മികച്ച പ്രകടനം നടത്താത്ത തൊഴിലാൡകള്‍ക്കാണ് നോട്ടീസ് നല്‍കിയതെന്നാണ് കമ്പനിയുടെ വിശദീകരണം. 8000 തൊഴിലാളികളാണ് സ്‌നാപ്ഡീലില്‍ ഉള്ളത്. ഇവരുടെ എതിരാളികളായ ഫ്‌ളിപ് കാര്‍ട്ടിലാകട്ടെ 45,000 ജീവനക്കാരാണ് ഉള്ളത്.

പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് സ്‌നാപ്ഡീലിന്റെ ഓഫീസില്‍ ജീവനക്കാര്‍ പ്രതിഷേധം നടത്തി.

2015 നവംബര്‍ മുതലാണ് കമ്പനി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയത്. ജീവനക്കാരുടെ എണ്ണം 600ല്‍ എത്തിക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂനിയര്‍ തസ്തികകളിലുള്ളവരെയും, പുതുതായി ജോലിക്ക് ചേര്‍ന്നവരെയുമാണ് വെട്ടിക്കുറയ്ക്കല്‍ കാര്യമായി ബാധിക്കുന്നത്.

എന്നാല്‍ സ്‌നാപ്ഡീലില്‍ പിരിച്ചുവിടല്‍ നടക്കുന്നില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കമ്പനി വക്താവ് പറഞ്ഞു. പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 200 പേരെ മാത്രമേ ഒഴിവാക്കിയിട്ടുള്ളൂവെന്നാണ് കമ്പനിയുടെ വിശദീകരണം.