| Tuesday, 18th April 2017, 8:27 am

നമ്മളില്ലേയ്! ഒടുവില്‍ മുന്നില്‍ സ്‌നാപ്പ് ചാറ്റ് മുട്ടുകുത്തി; ഇന്ത്യാക്കാരോട് എന്നും നന്ദിയുള്ളവരാണെന്ന് സ്‌നാപ്പ് ചാറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഒടുവില്‍ ഇന്ത്യാക്കാര്‍ക്കു മുന്നില്‍ സ്‌നാപ്പ് ചാറ്റ് തലകുനിച്ചു. ദരിദ്ര രാജ്യമായ ഇന്ത്യയിലേക്ക് വ്യാപിക്കാന്‍ സ്നാപ് ചാറ്റിന് താല്‍പര്യമില്ലെന്ന് കമ്പനി സി.ഇ.ഒ ഇവാന്‍ സ്പീഗല്‍ പറഞ്ഞെന്നുള്ള മുന്‍ ജീവനക്കാരന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് സ്നാപ് ചാറ്റ് അറിയിച്ചിരിക്കുകയാണ്.

സ്നാപ് ചാറ്റ് എല്ലാവരുടേതും ആണെന്നും ഇന്ത്യന്‍ ഉപഭോക്താക്കളോട് നന്ദിയുള്ളവരാണെന്നും വക്താവ് അറിയിച്ചു. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്നാപ് ചാറ്റ് എല്ലാവരുടേതുമാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്നും സി.എന്‍.എന്നിന് നല്‍കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥനായ ആന്റണി പോംപ്ലിയാനോ ആണ് തെറ്റായ പ്രചരണം അഴിച്ചു വിട്ടതെന്നും കമ്പനിയില്‍ നിന്നും പറഞ്ഞു വിട്ട ഉദ്യോഗസ്ഥനാണ് ഇത് പറഞ്ഞതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യ ഉള്‍പ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ് ചാറ്റ് വ്യാപിപ്പിക്കില്ലെന്ന നിലപാടെടുത്ത സ്‌നാപ്ചാറ്റ് സി.ഇ.ഓ ഇവാന്‍ സ്പീഗെലിന് ഇന്ത്യക്കാര്‍ എട്ടിന്റെ പണി തന്നെയാണ് കൊടുത്തത്. ഇന്ത്യക്കാര്‍ ഒരുമിച്ചപ്പോള്‍ ആപ്പിന്റെ റേറ്റിങ് ഒന്നിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ഇന്ത്യയ്ക്കാരെ ദരിദ്രരെന്ന് അവഹേളിച്ച സി.ഇ.ഒയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ സ്‌നാപ്പ് ചാറ്റിന് ഏറ്റവും കുറഞ്ഞ റേറ്റിങ് നല്‍കാന്‍ ആഹ്വാനമുണ്ടായിരുന്നു.

ആഹ്വാനം എല്ലാവരും ഏറ്റെടുത്തതോടെ ആപ്പിന്റെ റേറ്റിങ് മാക്‌സിമം റേറ്റിങ് ആയ അഞ്ചില്‍ നിന്നും ഒന്നിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നിലവിലെ ആപ്പ് പതിപ്പിന് ലഭിച്ച കസ്റ്റമര്‍ റേറ്റിങ് ഇപ്പോള്‍ സിംഗിള്‍ സ്്റ്റാര്‍ ആണെന്ന് ആപ്പ് സ്റ്റോറിലെ ആപ്പ് ഇന്‍ഫോയില്‍ പറയുന്നു. എല്ലാ പതിപ്പുകള്‍ക്കുമുള്ള റേറ്റിങ് ഇപ്പോള്‍ ഒന്നര സ്റ്റാര്‍ ആണ്.

#UninstallSnapchta എന്ന ഹാഷ്ടാഗോടെ ആയിരുന്നു ആഹ്വാനം. ഈ ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുകയാണ്.

2015 ലായിരുന്നു ഇവാന്റെ വിവാദ പരാമര്‍ശം. സ്നാപ് ചാറ്റ് എന്ന ആപ്പ് സമ്പന്നര്‍ക്ക് വേണ്ടിയുള്ളഥാണെന്നും ഇന്ത്യയേയും സ്പെയിനിനെപ്പോലെയുമുള്ള ദരിദ്ര രാജ്യങ്ങളിലേക്ക്ക സ്നാപ് ചാറ്റിനെ വ്യാപിപ്പിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു ഇവാന്റെ പ്രസ്താവന.


Also Read: ‘ഇത്രയും ഹമ്പിളായിട്ടുള്ള ഒരാളെ ഇതുവരെ കണ്ടിട്ടില്ല; ആദ്യ ദിനം മുതല്‍ അവസാന ദിവസം വരെ ഒരേ പോലെയാണ് ദിലീപേട്ടന്‍ പെരുമാറിയത’; ദിലീപിനെ കുറിച്ച് രജിഷ വിജയന്‍ പറയുന്നു


എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇത് ചര്‍ച്ചയായതോടെയാണ് ഇവാനെതിരെ കടുത്ത ട്രോളും പൊങ്കാലയും ഉയര്‍ന്നത്.

പ്ലേ സ്റ്റോറില്‍ സ്‌നാപ് ചാറ്റിനെ റിവ്യൂ സംവിധാനത്തിലെത്തി ഏറ്റവും കുറഞ്ഞ റേറ്റിംഗ് നല്‍കാനായിരുന്നു ആഹ്വാനം. ഞങ്ങള്‍ ദരിദ്രരാണെന്നും എന്നാല്‍ വിദ്യാസമ്പന്നരാണെന്നും പറഞ്ഞ് ഒരു സ്റ്റാര്‍ മാത്രമായിരുന്നു പലരും നല്‍കിയത്.

വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കുന്നതിനൊപ്പം തന്നെ 5 സ്റ്റാര്‍ റേറ്റിഹ് നല്‍കിയിരിക്കുന്നവ അണ്‍ഹെല്‍പ്ഫുള്‍ ആണെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കേണ്ടെന്നും ചില വിരുതരുടെ കമന്റുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more