പാമ്പിന്റെ ജനനം കടലിലല്ല!
TechD
പാമ്പിന്റെ ജനനം കടലിലല്ല!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th July 2012, 3:17 pm

ലണ്ടന്‍: പാമ്പുകള്‍ ജന്മമെടുത്തത് കരയിലാണെന്ന് സൂചന നല്‍കുന്ന തെളിവുകള്‍ ശാസ്ത്രജ്ഞര്‍ക്ക് ലഭിച്ചു. പൗരാണികകാലത്ത് ജീവിച്ചിരുന്ന പാമ്പിന്റെ ഫോസിലുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.[]

പുരാതനകാലത്ത് ജീവിച്ചിരുന്ന പാമ്പുകള്‍ക്ക് ജലത്തിലൂടെ  ചലിക്കാനുള്ള കഴിവില്ലായിരുന്നെന്നാണ് ഈ ഫോസിലുകള്‍ പരിശോധിച്ച യെല്‍ യൂണിവേഴ്‌സിറ്റിയിലെ നിക്കോളാസ് ലോങ്‌റിച്ചിന്റെയും  സഹപ്രവര്‍ത്തകരുടെയും നിഗമനം. പല്ലിയുടേത് പോലുള്ള തലയും പാമ്പിന്റെ ഉടലുമുള്ളവയായിരുന്നു പഴയകാല പാമ്പുകളെന്നും ഇവര്‍ പറയുന്നു.

ദിനോസറുകളുടെ കാലം മുതല്‍ പ്രപഞ്ചത്തിലുള്ള പാമ്പുകള്‍ കടലിലാണ് ഉടലെടുത്തതെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ഇതിനെ ഖണ്ഡിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

പൗരാണികകാലത്ത് ജീവിച്ചിരുന്ന ഏതെങ്കിലും ഇഴജന്തുക്കള്‍ പരിണാമം സംഭവിച്ചാണ് പാമ്പുകള്‍ ഉടലെടുത്തതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. എന്നാല്‍ എങ്ങനെയാണ്, എവിടെയാണ് കാലുകള്‍ നഷ്ടപ്പെട്ട ഇഴജന്തുക്കളില്‍ നിന്ന് പാമ്പുകള്‍ ഉണ്ടായതെന്നത് ഇപ്പോഴും നിഗൂഢമാണ്.

പാമ്പിന്റെ ഉത്ഭവം സംബന്ധിച്ച പഠനങ്ങള്‍ മതിയായ ഫോസിലുകളുടെ ദൗര്‍ലഭ്യം മൂലം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. എന്നാലിപ്പോള്‍ കിഴക്കന്‍ വോമിങ്, യു.എസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച പുതിയ ഫോസിലുകള്‍ ഇത് സംബന്ധിച്ച നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. 65-70 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന പാമ്പുകളുടെ ഫോസിലുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ളത്.