കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ രണ്ട് കോടി രൂപയുടെ പാമ്പിന്‍ വിഷവുമായി മൂന്ന് പേര്‍ പിടിയില്‍. പിടിയിലായവരില്‍ പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി.പി. കുമാറും ഉള്‍പ്പെടും.
കോന്നി സ്വദേശി പ്രദീപ് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ബഷീര്‍ എന്നിവരാണ് പിടിയിലായത്. ഫ്‌ളാസ്‌ക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു വിഷം കണ്ടെത്തിയത്. കൊണ്ടോട്ടി സ്വദേശിക്ക് വില്‍ക്കാന്‍ വെച്ചിരുന്നതാണ് ഇതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.
ബുധനാഴ്ച വൈകീട്ടോടെ കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ക്ക് വിഷം എത്തിച്ച് നല്‍കിയ ആളെക്കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പിടിയിലായവരില്‍ ഒരാള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഇവരെ വനംവകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്.ഐ ഫദല്‍ റഹ്‌മാനും ജില്ലാ ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ടീമംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.