രോഹിത് ഭായ് വിളി വാവ സുരേഷിനെ; കളി തടസ്സപ്പെടുത്തി ഗ്രൗണ്ടില്‍ അപ്രതീക്ഷിത അതിഥി
Sports News
രോഹിത് ഭായ് വിളി വാവ സുരേഷിനെ; കളി തടസ്സപ്പെടുത്തി ഗ്രൗണ്ടില്‍ അപ്രതീക്ഷിത അതിഥി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd October 2022, 9:32 pm

ഇന്ത്യ – സൗത്ത് ആഫ്രിക്ക രണ്ടാം ടി-20 മത്സരത്തിനിടെ അപ്രതീക്ഷിത സംഭവങ്ങള്‍. മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് ഒരു പാമ്പ് വന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

അസമിലെ ബര്‍സാപര സ്റ്റേഡിയത്തിലേക്കാണ് മത്സരത്തിനിടെ വിളിക്കാതെ ‘പാമ്പ് സാര്‍’ കയറി വന്നത്. മത്സരത്തിന്റെ ഏഴാം ഓവറിനിടെയായിരുന്നു സംഭവം.

സൗത്ത് ആഫ്രിക്കന്‍ താരങ്ങളായിരുന്നു പാമ്പിനെ ആദ്യം കണ്ടത്. ഇത് ഇവര്‍ അമ്പയറിന്റെയും മറ്റ് താരങ്ങളുടെയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഇതോടെ അല്‍പനേരത്തെക്ക് കളിയും തടസ്സപ്പെട്ടു.

ഗ്രൗണ്ട് സ്റ്റാഫുകള്‍ പെട്ടെന്ന് തന്നെ പാമ്പിനെ ഗ്രൗണ്ടില്‍ നിന്നും നീക്കം ചെയ്തു. ഈ സമയം അണ്‍ ഒഫീഷ്യല്‍ ഡ്രിങ്ക്‌സ് ബ്രേക്കായി മാറ്റുകയായിരുന്നു.

അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. 20 ഓവറില്‍ മൂന്ന് വിക്കറ്റ് 237 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഓപ്പണര്‍ കെ.എല്‍. രാഹുലും സൂര്യകുമാര്‍ യാദവും അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് മാത്രമകലേ പുറത്താവാതെ നിന്നു.

രാഹുല്‍ 28 പന്തില്‍ നിന്നും 57 റണ്‍സ് നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവ് 22 പന്തില്‍ നിന്നും 61 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 37 പന്തില്‍ നിന്നും 43ഉം വിരാട് 28 പന്തില്‍ നിന്നും 49ഉം റണ്‍സ് സ്വന്തമാക്കി.

 

ഫിനിഷറുടെ റോള്‍ തന്റെ കയ്യില്‍ ഭദ്രമാണെന്ന് ഒരിക്കല്‍ക്കൂടി ദിനേഷ് കാര്‍ത്തിക് തെളിയിച്ചു. ഏഴ് പന്തില്‍ നിന്നും രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 17 റണ്‍സാണ് താരം സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് ഒഴികെ എല്ലാവരും മികച്ച രീതിയില്‍ തന്നെ തല്ലുവാങ്ങിക്കൂട്ടി. നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് കേശവ് മഹാരാജ് നേടിയത്. മറ്റാര്‍ക്കും തന്നെ വിക്കറ്റ് വീഴ്ത്താനുമായില്ല.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ബൗളിങ് ആങ്കര്‍ ചെയ്തുനിര്‍ത്തിയ റബാദയും പാര്‍ണെലുമായിരുന്നു റണ്‍ വഴങ്ങിയവരില്‍ പ്രധാനി. റബാദ നാല് ഓവറില്‍ 57ഉം പാര്‍ണെല്‍ നാല് ഓവറില്‍ 54 റണ്‍സും വഴങ്ങി.

ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് രണ്ടാം ടി-20 വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം.

 

 

Content Highlight: Snake on ground during India vs South Africa 2nd T20