കേരളം പാമ്പിന്‍ വിഷ മാഫിയകളുടെ താവളമാകുന്നു, അന്വേഷണം അയല്‍ സംസ്ഥാനത്തേക്കും
Kerala
കേരളം പാമ്പിന്‍ വിഷ മാഫിയകളുടെ താവളമാകുന്നു, അന്വേഷണം അയല്‍ സംസ്ഥാനത്തേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2013, 12:51 am

[]കോഴിക്കോട്: മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പാമ്പിന്‍ വിഷവുമായി വില്‍പ്പനക്കെത്തിയ നാലംഗ  സംഘത്തെ ഇന്നലെ  കോഴിക്കോട് പോലീസ് പിടികൂടിയത്.[]

തിരുവനന്തപുരം സ്വദേശി ഷെരീഫുദ്ദീന്‍ (47), കോഴിക്കോട് സ്വദേശികളായ കല്ലാച്ചി ചോലക്കാട് റമീസ് (20), വെള്ളിപറമ്പ് സ്വദേശി ഭാഗേഷ്, വെസ്റ്റ്‌ഹില്‍ തൈക്കൂട്ടം പറമ്പില്‍ ധനേഷ്(27) എന്നിവരെയാണ്  തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സും കോഴിക്കോട്ടെ ഫ്‌ളൈയിങ് സ്‌കോര്‍ഡും ചേര്‍ന്ന് ഇന്നലെ പിടികൂടിയത്.

പാമ്പിന്‍  വിഷത്തിന് ഇത്രക്ക് വിലയുണ്ടോ എന്ന് പോലീസിന് പോലും ഇന്നലെ സംശയം തോന്നിയിരിക്കാം. കാരണം 70 ലക്ഷം രൂപയായിരുന്നു പാമ്പിന്‍ വിഷത്തിന്

വിലയിട്ടിരുന്നത്.

പാമ്പിന്‍ വിഷം പ്രധാനമായും ഉപയോഗിക്കുന്നത് ഉത്തേജക മരുന്നിനും, ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുമാണ്. അതുകൊണ്ട് തന്നെ ആവശ്യക്കാരെ കിട്ടാതെ പോകാറില്ല ഇത്തരകാര്‍ക്ക്.

എന്നാല്‍ പാമ്പിന്‍ വിഷം  എളുപ്പത്തില്‍ ശേഖരിക്കാന്‍ സാധിക്കില്ലെന്നാണ് വാസ്തവം. ഒരു ലിറ്റര്‍ പാമ്പിന്‍ വിഷം ശേഖരിക്കുന്നതിന് 100 പാമ്പുകള്‍ ആവശ്യമാണെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. ആരോഗ്യമുള്ള ഒരു പാമ്പില്‍ നിന്നും ഒരു ദിവസം 10 മില്ലി ലിറ്റര്‍ വിഷം മാത്രമാണ് ലഭിക്കുക. രണ്ടു ദിവസത്തിന് ശേഷമേ ഈ പാമ്പില്‍നിന്നും വീണ്ടും വിഷം എടുക്കാന്‍ സാധിക്കുകയുള്ളൂ.

മയക്ക്മരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വീര്യം കൂട്ടാന്‍ ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ് പാമ്പിന്‍ വിഷം. ഇങ്ങനെ വീര്യം കൂട്ടാന്‍  നിരവധി ആളുകളാണ് പാമ്പിന്‍ വിഷം ഉപയോഗിക്കുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

നിശ്ചിത ദിവസത്തിനുള്ളിലാണ് വിഷം ശേഖരിക്കുന്നതെങ്കില്‍ ഒരു ലിറ്റര്‍ വിഷം കിട്ടാന്‍ നൂറിലധികം പാമ്പുകളെ വളര്‍ത്തണം. ഒരു പാമ്പില്‍ നിന്ന് മാത്രം വിഷം ശേഖരിക്കുകയാണെങ്കില്‍ ഒരു ലിറ്റര്‍ ലഭിക്കുന്നതിന് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവരും.

ഇന്നലെ പിടിയിലായ ഷെരീഫ് വിഷത്തിന് ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും വിലപേശലിനെത്തുടര്‍ന്ന് വില 70 ലക്ഷം രൂപയായി കുറക്കാന്‍ സമ്മതിക്കുകയായിരുന്നു. 70 ലക്ഷം രൂപയുടെ പാമ്പിന്‍ വിഷ വില്‍പനയില്‍ ഷെരീഫിന് 40 ലക്ഷം രൂപയാണ് ലഭിക്കുക.

30 ലക്ഷം രൂപയാണ് മറ്റുള്ള മൂന്ന് പേരും പങ്കിടുമെന്നാണ് അറിയിച്ചിരുന്നത്. വയനാട് കേന്ദ്രീകരിച്ചാണ് പ്രതികള്‍ വിഷം സംഘടിപ്പിച്ചതെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.

വയനാട് നിന്നും വിഷം ശേഖരിച്ച സംഘം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പലരുമായും ബന്ധപ്പെട്ടിട്ടുണ്ട്. എറണാകുളം, മംഗലാപുരം എന്നിവിടങ്ങളിലെ ഇടനിലക്കാരേയും വില്‍പന സംബന്ധിച്ച് ഇവര്‍ ബന്ധപ്പെട്ടതായി പോലീസ് അറിയിച്ചു.