പാമ്പ് ദൈവമല്ല, പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാത്തതിന് പിന്നില്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന ആര്‍.എസ്.എസ് വാദവും: കെ.പി ഉദയഭാനു
Kerala News
പാമ്പ് ദൈവമല്ല, പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാത്തതിന് പിന്നില്‍ മഹാവിഷ്ണുവിന്റെ അവതാരമാണെന്ന ആര്‍.എസ്.എസ് വാദവും: കെ.പി ഉദയഭാനു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th September 2024, 4:21 pm

കോന്നി: പാമ്പ് ദൈവമല്ലെന്നാവര്‍ത്തിച്ച് സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. നേരത്തെ പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാത്തതിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും അതിനാലാണ് വനം വന്യ ജീവി നിയമം കേന്ദ്രം ഭേദഗതി ചെയ്യാതിരിക്കുന്നതെന്ന പരാമര്‍ശവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

വന്യജിവി ശല്യത്തിനെതിരെയും വനം വന്യജീവി നിയമം കേന്ദ്രം ഭേദഗതി ചെയ്യാത്തതില്‍ പ്രതിഷേധിച്ചും കോന്നി ഡി.എഫ്.ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയഭാനുവിന്റെ പരാമര്‍ശം നടത്തിയത്.

മഹാവിഷ്ണുവിന്റെ അവതാരമാണ് പന്നിയെന്ന് വിശ്വസിക്കുന്നവരാണ് ആര്‍.എസ്.എസുകാര്‍. അതാണ് കാട്ടുപന്നിയെ കൊല്ലാന്‍ തടസമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പറഞ്ഞത്.

‘കേരളത്തില്‍ പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നതില്‍ ആര്‍.എസ്.എസുകാര്‍ എതിരാണ്. അവര്‍ പറയുന്നത് പന്നി മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണെന്നാണ്. ഹിരണ്യ കശിപു ഭൂമിയെ പായായി ചുരുട്ടി സമുദ്രത്തില്‍ താഴ്ത്തി. അങ്ങനെ സമുദ്രത്തില്‍ താഴ്ന്ന ഭൂമിയെ രക്ഷിക്കുന്നതിന് വേണ്ടി മഹാവിഷ്ണു വരാഹാവതാരമെടുത്തു. അങ്ങനെ പന്നിയുടെ തേറ്റ കൊണ്ട് സമുദ്രത്തില്‍ നിന്ന് ഭൂമിയെ രക്ഷിച്ചു എന്നാണ് ഇവരുടെ വിശ്വാസം. എന്നാല്‍ ഈ മന്ദബുദ്ധികള്‍ക്ക് ഭൂമി ചുരുട്ടിയാല്‍ സമുദ്രവും ചുരുളുമെന്ന് മനസിലായില്ല. ഇങ്ങനെ വിചിത്രമായ കഥകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്,’ ഉദയഭാനു പറഞ്ഞു.

ലോകത്തിന്റെ വിദേശരാജ്യങ്ങളില്‍ നടക്കുന്നതെന്താണെന്നതില്‍ ആര്‍.എസ്.എസുകാര്‍ക്ക് ബോധ്യമില്ലെന്നും മറ്റ് രാജ്യങ്ങളിലുള്ളവര്‍ പാമ്പിനെ കഴിക്കുമ്പോള്‍ ഇവര്‍ പാമ്പിനെയും കുരങ്ങനെയും ആരാധിക്കുകയാണെന്നും ഉദയഭാനു പറഞ്ഞു.

ചൈനയില്‍ പാമ്പിനെ കഴിക്കുമ്പോള്‍ ആര്‍.എസ്.എസുകാര്‍ പാമ്പിനെയും കുരങ്ങനെയും പൂജിക്കുകയാണെന്നും കെ.പി ഉദയഭാനു പറഞ്ഞു.

മനുഷ്യനെ സംബന്ധിച്ച് യാതൊരു ധാരണയും ഇല്ലാത്ത കേന്ദ്രഗവണ്‍മെന്റിന് ആശങ്കയുള്ളത് മൃഗങ്ങളെ കുറിച്ചാണെന്നും ഇത്തരത്തില്‍ വിചിത്രമായ രീതികള്‍ പിന്തുടരുന്ന രാജ്യമാണിതെന്നും ഉദയഭാനു അഭിപ്രായപ്പെട്ടു.

ഹൈന്ദവ വിശ്വാസത്തെ സി.പി.ഐ.എം നേതാവ് അവഹേളിച്ചു എന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത വരികയും ചര്‍ച്ചയാവുകയും ചെയ്തതോടെ അദ്ദേഹം പരാമര്‍ശം ആവര്‍ത്തിക്കുകയായിരുന്നു.

ഇതിന് പിന്നാലെ പാമ്പ് ദൈവമല്ലെന്നും ആര്‍.എസ്.എസിന്റെ ഇടപെടലുകള്‍ലകൊണ്ടാണ് ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാത്തതെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം രംഗത്തെത്തുകയായിരുന്നു.

Content Highlight: SNAKE IS NOT GOD; CPIM PATHANAMTHITTA DISTRICT SECRETERY KP UDAYABHANU