| Tuesday, 16th June 2020, 4:59 pm

പാമ്പിനെ പിടിച്ച് ഷോ വേണ്ട; ലൈസന്‍സ് ഇല്ലാതെ പാമ്പിനെ പിടിച്ചാല്‍ മൂന്ന് വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ലൈസന്‍സില്ലാതെ പാമ്പിനെ പിടിച്ചാല്‍ 3 വര്‍ഷംവരെ ശിക്ഷ കിട്ടുന്ന തരത്തില്‍ നിയമം പരിഷ്‌ക്കരിക്കാനാണ് സര്‍ക്കാര്‍ ആലോചനയെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. അശാസ്ത്രീയമായി പാമ്പു പിടിച്ച് അപകടത്തില്‍പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി.

ഞായറാഴ്ച നാവായിക്കുളത്ത് പാമ്പ് പിടിത്തത്തിനിടെ സക്കീര്‍ ഹുസൈന്‍ എന്നയാള്‍ പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. സുരക്ഷാ ഉപകരണങ്ങളില്ലാതെ പാമ്പിനെ പിടിക്കുന്നതും അതിനെ ജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന അശ്രദ്ധയുമാണ് പാമ്പുകടിയിലേക്ക് നയിക്കുന്നത്.


കേരളത്തിലെ പ്രശസ്ത പാമ്പ് പിടിത്തക്കാരനായ വാവ സുരേഷ് അടക്കമുള്ളവര്‍ക്ക് നിരവധി തവണ പാമ്പ് കടിയേറ്റിട്ടുണ്ട്. വാവ സുരേഷ് സുരക്ഷ ഉപകരണങ്ങളില്ലാതെ പാമ്പിനെ പിടിക്കുന്നതിനെക്കുറിച്ച് ഇന്‍ഫോ ക്ലിനിക്കിലെ ഡോക്ടറായ നെല്‍സണ്‍ ജോസഫ് മുന്‍പ് വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

പുതിയ മാര്‍ഗ നിര്‍ദേശങ്ങളിറങ്ങുന്നതോടെ, എത്ര പ്രശസ്തനായ പാമ്പു പിടിത്തക്കാരനായാലും അപകടകരമായ വിധത്തില്‍ പാമ്പിനെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാനാകില്ല. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടില്‍ വിടണം.

ജില്ലാ അടിസ്ഥാനത്തില്‍ പാമ്പു പിടിത്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കുന്നത്. താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ച് ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കി ലൈസന്‍സ് നല്‍കും. സുരക്ഷാ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കും. ലൈസന്‍സുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങള്‍ക്കും പൊലീസിനും ഫയര്‍ഫോഴ്‌സിനും റസി.അസോസിയേഷനുകള്‍ക്കും നല്‍കും.

ജീവന് ഭീഷണിയാകുന്ന തരത്തില്‍ പാമ്പിനെ കണ്ടാല്‍ ഇവരുടെ സേവനം തേടാം. പാമ്പു പിടിത്തക്കാര്‍ക്ക് പരിശീലനം നേടി ലൈസന്‍സെടുക്കാന്‍ ഒരു വര്‍ഷം സമയം അനുവദിക്കുമെന്ന് വനംവകുപ്പ് അധികൃതരെ ഉദ്ധരിച്ച് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more