മലയാളികളെ ഞെട്ടിച്ച ആ ട്വിസ്റ്റ്, മാസങ്ങളോളം ചിന്തിക്കേണ്ടി വന്നു: ഈ കഥ ചെയ്യേണ്ടെന്ന് പോലും വിചാരിച്ചു: എസ്.എന്‍. സ്വാമി
Entertainment
മലയാളികളെ ഞെട്ടിച്ച ആ ട്വിസ്റ്റ്, മാസങ്ങളോളം ചിന്തിക്കേണ്ടി വന്നു: ഈ കഥ ചെയ്യേണ്ടെന്ന് പോലും വിചാരിച്ചു: എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th July 2024, 8:48 pm

മലയാള സിനിമയിലെ തിരക്കഥാകൃത്തുകളില്‍ പ്രധാനിയും കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക് പ്രശസ്തനുമാണ് എസ്.എന്‍. സ്വാമി. ഇതുവരെ നാല്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ചിത്രങ്ങളുടെ സീരീസാണ് സി.ബി.ഐ. ഇതുവരെ അഞ്ച് ഭാഗങ്ങളാണ് ഈ ചിത്രത്തിനുള്ളത്.

സി.ബി.ഐ സീരീസിലെ മൂന്നാമത്തെ സിനിമയായിരുന്നു സേതുരാമയ്യര്‍ സി.ബി.ഐ. 2004ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ എല്ലാവരെയും ഞെട്ടിച്ച ഒരു ട്വിസ്റ്റായിരുന്നു ഈശോ – മോസി ട്വിസ്റ്റ്. ഇതിനെ കുറിച്ച് പറയുകയാണ് എസ്.എന്‍. സ്വാമി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിരക്കഥ എഴുതുമ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ച് എഴുതേണ്ടതല്ല ട്വിസ്റ്റ്. സസ്‌പെന്‍സും ഈ ട്വിസ്റ്റുമെല്ലാം തനിയെ ഉണ്ടാകണം. അല്ലാതെ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് മുന്‍കൂട്ടി തീരുമാനിച്ചാല്‍ അത് ട്വിസ്റ്റ് ആകില്ല. കഥ എഴുതുമ്പോള്‍ സംഭവിക്കേണ്ടതാണ്. അതിന് നമ്മള്‍ കാത്തിരിക്കണം. ക്ഷമ എന്നുള്ളത് ഇതില്‍ വലിയ പ്രാധാന്യമുള്ള കാര്യമാണ്.

സേതുരാമയ്യര്‍ സി.ബി.ഐയില്‍ ഈശോയും മോസിയും വന്നിട്ടുള്ള ഒരു ട്വിസ്റ്റുണ്ട്. എല്ലാവരും കണ്ട് ഞെട്ടിയ ട്വിസ്റ്റാണ്. പക്ഷെ കഥ എഴുതുമ്പോള്‍ ആ ട്വിസ്റ്റ് എനിക്ക് ലഭിച്ചിരുന്നില്ല. ഏതോ ഒരു സന്ദര്‍ഭത്തില്‍ പെട്ടെന്ന് മനസില്‍ സ്‌ട്രൈക്ക് ചെയ്താണ് ആ ട്വിസ്റ്റ് ലഭിച്ചത്. ഓരോ സംഭവത്തിലും നമ്മളാരും നോക്കി കാണുന്നത് പോലെയല്ല സ്വാമി നോക്കി കാണുന്നത്.

അയാളുടെ ഓരോ തോന്നലിലുമാണ് ആ സിനിമയുടെ വലിയ ടേണിങ് പോയിന്റ് ഉണ്ടാകുന്നത്. ഇതായിരുന്നു കഥ എഴുതുമ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്നത്. ഞാന്‍ ഇതെങ്ങനെ ചെയ്യും. മാസങ്ങളോളം ഞാന്‍ ഇതിനെ പറ്റി ചിന്തിച്ചു. ഒരു ഘട്ടത്തില്‍ അത് കിട്ടിയില്ലെങ്കില്‍ ഞാന്‍ ഈ കഥ ചെയ്യില്ലെന്ന് പോലും വിചാരിച്ചു. അങ്ങനെ കിട്ടിയതാണ് ഈശോ – മോസി ട്വിസ്റ്റ്,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: SN Swamy Talks About Sethurama Iyer CBI