മലയാള സിനിമയിലെ തിരക്കഥാകൃത്തുകളില്‍ പ്രധാനിയും കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക് പ്രശസ്തനുമാണ് എസ്.എന്‍. സ്വാമി. ഇതുവരെ നാല്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ചിത്രങ്ങളുടെ സീരീസാണ് സി.ബി.ഐ. ഇതുവരെ അഞ്ച് ഭാഗങ്ങളാണ് ഈ ചിത്രത്തിനുള്ളത്.
മമ്മൂട്ടി സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥനായാണ് സിനിമയിലെത്തുന്നത്. 1988ല്‍ പുറത്തിറങ്ങിയ ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്’ ആണ് ആദ്യ ചിത്രം. ആദ്യത്തെ നാല് ഭാഗങ്ങള്‍ വലിയ വിജയമായിരുന്നെങ്കിലും 2022ല്‍ തിയേറ്ററിലെത്തിയ ‘സി.ബി.ഐ 5: ദി ബ്രെയിന്‍’ പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല. ഇപ്പോള്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യ സി.ബി.ഐ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി.
‘ഏത് പടത്തിന്റെ കഥയാണെങ്കിലും ഞാന്‍ അത് പെട്ടെന്ന് തന്നെ എഴുതി തീരാറുണ്ട്. ചില സിനിമകളില്‍ അതില്‍ മാറ്റം ഉണ്ടാകാറുണ്ട്. പക്ഷെ എന്റെ മനസില്‍ അതിന്റെയൊക്കെ കഥയുണ്ടാകും. എങ്ങനെ അത് അവസാനിപ്പിക്കണം എന്ന കാര്യം എന്റെ മനസില്‍ ഉണ്ടാകും. പിന്നെ കഥയുടെ പ്രോസസില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാം.
എന്റെ ആദ്യത്തെ സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന സിനിമയുടെ സമയത്ത് ഞാന്‍ ക്ലൈമാക്‌സൊക്കെ എഴുതി കൊടുത്ത ശേഷമാണ് അവര്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങിയത്. അന്ന് ഷൂട്ട് ചെയ്യാനായി ലൊക്കേഷനില്‍ എത്തിയ ശേഷം മമ്മൂട്ടിയും മധുവും ചേര്‍ന്ന് കഥയെ പറ്റി ആലോചിച്ചു. അതില്‍ ഒന്നുകൂടെ ഒന്ന് മാറ്റി ചെയ്യണം അല്ലെങ്കില്‍ മാറി ചിന്തിക്കണമെന്ന ചിന്ത അവര്‍ക്ക് ഉണ്ടായി. കണ്ടന്റില്‍ ആയിരുന്നില്ല, ആ സിനിമയുടെ അപ്രോച്ചിലായിരുന്നു മാറ്റം വേണമെന്ന് അവര്‍ ചിന്തിച്ചത്.
അങ്ങനെ അവര്‍ രണ്ടുപേരും എന്നെ കാണാന്‍ വന്നു. ഞാന്‍ അതുവരെ ലൊക്കേഷനിലേക്ക് പോയിരുന്നില്ല. ‘സ്വാമി ടെന്‍ഷനൊന്നും വേണ്ട. ക്ലൈമാക്‌സില്‍ കുഴപ്പമില്ല, പക്ഷെ ക്ലൈമാക്‌സിലേക്ക് എത്തിയ പ്രോസസ് കുറച്ച് കൂടെയൊന്ന് സിനിമാറ്റിക് ആക്കാം’ എന്ന് അവര്‍ പറഞ്ഞു. അങ്ങനെ അതില്‍ മാറ്റം വരുത്തി. അത്തരത്തില്‍ ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ എസ്.എന്‍. സ്വാമി പറഞ്ഞു.
Content Highlight: SN Swamy Talks About Oru CBI Diary Kurippu