പൊലീസുകാരന്റെ കഥ സി.ബി.ഐ അന്വേഷണമാക്കി; അതിന് കാരണമായത് മറ്റൊരു മമ്മൂട്ടി ചിത്രം: എസ്.എന്‍. സ്വാമി
Entertainment
പൊലീസുകാരന്റെ കഥ സി.ബി.ഐ അന്വേഷണമാക്കി; അതിന് കാരണമായത് മറ്റൊരു മമ്മൂട്ടി ചിത്രം: എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 11:02 am

മലയാള സിനിമയിലെ തിരക്കഥാകൃത്തുകളില്‍ പ്രധാനിയാണ് എസ്.എന്‍. സ്വാമി. അദ്ദേഹത്തിന്റെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത ചിത്രങ്ങളുടെ സീരീസാണ് സി.ബി.ഐ. ഇതുവരെ അഞ്ച് ഭാഗങ്ങളാണ് ഈ ചിത്രത്തിനുള്ളത്.

മമ്മൂട്ടി സേതുരാമയ്യര്‍ എന്ന സി.ബി.ഐ ഉദ്യോഗസ്ഥനായാണ് സിനിമയിലെത്തുന്നത്. 1988ല്‍ പുറത്തിറങ്ങിയ ‘ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്’ ആണ് ആദ്യ ചിത്രം. ആദ്യത്തെ നാല് ഭാഗങ്ങള്‍ വലിയ വിജയമായിരുന്നെങ്കിലും 2022ല്‍ തിയേറ്ററിലെത്തിയ ‘സി.ബി.ഐ 5: ദി ബ്രെയിന്‍’ പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല.

‘ചെറുപ്പം മുതല്‍ക്കേ ഡിക്ടറ്റീവ് നോവലുകള്‍ വായിക്കുന്ന ആളാണ് ഞാന്‍. മലയാളവും ഇംഗ്ലീഷുമൊക്കെ വായിക്കാറുണ്ട്. സി.ബി.ഐ ഡയറിക്കുറിപ്പിന്റെ ഉത്ഭവത്തിന്റെ കാരണം മമ്മൂട്ടിയാണ്. ഞാന്‍ അത് ഒരു സാധാരണ പൊലീസുകാരന്റെ കഥയായിട്ടായിരുന്നു എഴുതിയത്. മമ്മൂട്ടിയാണ് അങ്ങനെ വേണ്ട നമുക്ക് ഒരു സി.ബി.ഐ അന്വേഷണമാക്കാം എന്ന് പറഞ്ഞത്.

ആദ്യത്തെ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. ആ സിനിമയുടെ മുമ്പായിരുന്നു ആവനാഴി ഇറങ്ങി വമ്പന്‍ ഹിറ്റാകുന്നത്. ഇനി ആവാനാഴിയെ കടത്തിവെട്ടുന്ന സിനിമ പെട്ടെന്ന് നടക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അതുകൊണ്ട് ട്രാക്ക് മാറ്റിപിടിക്കാമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് സി.ബി.ഐയുടെ കഥ ചെയ്യാമെന്ന് സജസ്റ്റ് ചെയ്യുന്നത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. എന്തുകൊണ്ടാണ് ധ്യാനിനെ ചിത്രത്തില്‍ നായകനാക്കിയെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി.

‘ധ്യാന്‍ ശ്രീനിവാസന്‍ ഈ പടത്തില്‍ വരാന്‍ കാരണം എന്റെ കഥയിലെ കഥാപാത്രം അവന് യോജിക്കും എന്നുള്ളത് കൊണ്ടാണ്. ഞാന്‍ എഴുതിയ കഥ ഞാന്‍ തന്നെ സംവിധാനം ചെയ്യാന്‍ കാരണം, ഈ സിനിമക്ക് ചില പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകള്‍ കൃത്യമായി പ്രൊജക്റ്റ് ചെയ്യണമെങ്കില്‍ ഒരുപക്ഷെ ധ്യാനിന് പകരം മറ്റൊരാള്‍ ചെയ്താല്‍ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ്,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: SN Swamy Talks About Oru CBI Dairy Kurippu