ലോകസിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത കഥ; അത് എഴുതിയത് ലാലിന് വേണ്ടി: എസ്.എന്‍. സ്വാമി
Entertainment
ലോകസിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത കഥ; അത് എഴുതിയത് ലാലിന് വേണ്ടി: എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 1:12 pm

മലയാള സിനിമയിലെ തിരക്കഥാകൃത്തുകളില്‍ പ്രധാനിയായ എസ്.എന്‍. സ്വാമി തിരക്കഥയൊരുക്കിയ മിക്ക സിനിമകളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. 1988ല്‍ അദ്ദേഹത്തിന്റെ തിരക്കഥയില്‍ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു മൂന്നാംമുറ.

അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായി മോഹന്‍ലാല്‍ നായകനായ ചിത്രമായിരുന്നു ഇത്. കെ. മധു സംവിധാനം ചെയ്ത മൂന്നാംമുറ ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപി, ലാലു അലക്സ്, രേവതി, മുകേഷ് എന്നിവരും പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.

1988ല്‍ കാലത്തിന് മുമ്പ് സഞ്ചരിച്ച് കണ്ടുപിടിച്ച കഥയായിരുന്നു മൂന്നാംമുറയുടേത് എന്ന് പറയുകയാണ് എസ്.എന്‍. സ്വാമി. ലോകസിനിമയില്‍ തന്നെ അത്തരത്തിലുള്ള കഥ അധികമുണ്ടായിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിന് വേണ്ടി തന്നെ എഴുതിയ പടമായിരുന്നു അതെന്നും എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു. ഇ.ടി.വി ഭാരത് കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്നത്തെ കാലഘട്ടത്തില്‍ കാലത്തിന് മുമ്പ് സഞ്ചരിച്ച് കണ്ടുപിടിച്ച കഥയായിരുന്നു മൂന്നാംമുറയുടേത്. ലോകസിനിമയില്‍ തന്നെ അത്തരത്തിലുള്ള കഥ അധികം ഉണ്ടായിട്ടില്ല. ഒരു വണ്‍മാന്‍ ആര്‍മി പോയി ഇത്രയും ആളുകളെ രക്ഷിക്കുകയെന്ന് പറയുന്നത് എളുപ്പമല്ല.

അങ്ങനെ ഒരു കഥ തോന്നാന്‍ പ്രത്യേകം റീസണ്‍ ഒന്നും തന്നെയില്ല. സിനിമ തുടങ്ങി അവസാനം വരെ ഒരു ത്രില്ലിങ് ആയ ഒന്ന് കിട്ടണമെന്നേ ഉണ്ടായിരുന്നുള്ളൂ. ലാലിന് വേണ്ടി തന്നെ എഴുതിയ പടമായിരുന്നു അത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. എന്തുകൊണ്ടാണ് ധ്യാനിനെ ചിത്രത്തില്‍ നായകനാക്കിയെന്ന ചോദ്യത്തിനും അദ്ദേഹം അഭിമുഖത്തില്‍ മറുപടി നല്‍കി.

‘ധ്യാന്‍ ശ്രീനിവാസന്‍ ഈ പടത്തില്‍ വരാന്‍ കാരണം എന്റെ കഥയിലെ കഥാപാത്രം അവന് യോജിക്കും എന്നുള്ളത് കൊണ്ടാണ്. ഞാന്‍ എഴുതിയ കഥ ഞാന്‍ തന്നെ സംവിധാനം ചെയ്യാന്‍ കാരണം, ഈ സിനിമക്ക് ചില പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകള്‍ കൃത്യമായി പ്രൊജക്റ്റ് ചെയ്യണമെങ്കില്‍ ഒരുപക്ഷെ ധ്യാനിന് പകരം മറ്റൊരാള്‍ ചെയ്താല്‍ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ്,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: SN Swamy Talks About Moonnam Mura Movie