മുസ്‌ലിമായത് കൊണ്ടാണോ എന്ന ചോദ്യം വരാതിരിക്കാന്‍ ആ പേര് വേണ്ടെന്ന് മമ്മൂട്ടി; ഒടുവില്‍ സേതുരാമയ്യര്‍ എന്നാക്കി: എസ്.എന്‍. സ്വാമി
Entertainment
മുസ്‌ലിമായത് കൊണ്ടാണോ എന്ന ചോദ്യം വരാതിരിക്കാന്‍ ആ പേര് വേണ്ടെന്ന് മമ്മൂട്ടി; ഒടുവില്‍ സേതുരാമയ്യര്‍ എന്നാക്കി: എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th April 2024, 11:43 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രങ്ങളാണ് മോഹന്‍ലാല്‍ നായകനായ മൂന്നാംമുറയും മമ്മൂട്ടിയുടെ സി.ബി.ഐ സീരീസും.

മൂന്നാംമുറയില്‍ മോഹന്‍ലാല്‍ അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായിട്ടായിരുന്നു എത്തിയത്. സേതുരാമയ്യര്‍ എന്ന കഥാപാത്രമായിട്ടായിരുന്നു മമ്മൂട്ടി സി.ബി.ഐ സിനിമകളില്‍ വന്നത്. എന്നാല്‍ അലി ഇമ്രാന്‍ എന്ന പേര് എസ്.എന്‍. സ്വാമി സി.ബി.ഐക്ക് വേണ്ടി കണ്ടെത്തിയതായിരുന്നു.

മമ്മൂട്ടിയാണ് ആ പേര് വേണ്ടെന്ന് പറഞ്ഞതെന്ന് തുറന്നു പറയുകയാണ് എസ്.എന്‍. സ്വാമി. താന്‍ മുസ്‌ലിം ആയത് കൊണ്ടാണോ മുസ്‌ലിം കഥാപാത്രമാക്കിയതെന്ന് ആളുകള്‍ ചോദിക്കുമെന്ന് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ചും എസ്.എന്‍. സ്വാമി പറയുന്നു. ഇ.ടി.വി ഭാരത് കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സിനിമക്കായി അലി ഇമ്രാന്‍ എന്ന ഒരു പേര് ഞാന്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ മമ്മൂട്ടിയാണ് അത് വേണ്ടെന്ന് പറഞ്ഞത്. ‘ആ പേര് വേണ്ട. ഞാന്‍ മുസ്‌ലിം ആയത് കൊണ്ടാണോ മുസ്‌ലിം കഥാപാത്രമാക്കിയതെന്ന് ആളുകള്‍ ചോദിക്കും’ എന്ന് മമ്മൂട്ടി പറഞ്ഞു.

അങ്ങനെ ഒരു ചോദ്യം വരാതിരിക്കാന്‍ ഈ പേര് വേണ്ടെന്ന് പറഞ്ഞു. അത് മാത്രമല്ല, ഇത് ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രമല്ലല്ലോ. അത് കാരണം ബ്രാഹ്‌മണ കഥാപാത്രമാകും നല്ലതെന്ന സജഷന്‍ വന്നു. അതും മമ്മൂട്ടിയുടെ ഭാഗത്ത് നിന്നാണ് വന്നത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

സി.ബി.ഐ ഡയറിക്കുറിപ്പിന്റെ ഉത്ഭവത്തിന്റെ കാരണം മമ്മൂട്ടിയാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. സാധാരണ പൊലീസുകാരന്റെ കഥ സി.ബി.ഐ അന്വേഷണമായി മാറിയത് എങ്ങനെയാണെന്നും എസ്.എന്‍. സ്വാമി പറഞ്ഞു.

‘ചെറുപ്പം മുതല്‍ക്കേ ഡിക്ടറ്റീവ് നോവലുകള്‍ വായിക്കുന്ന ആളാണ് ഞാന്‍. മലയാളവും ഇംഗ്ലീഷുമൊക്കെ വായിക്കാറുണ്ട്. സി.ബി.ഐ ഡയറിക്കുറിപ്പിന്റെ ഉത്ഭവത്തിന്റെ കാരണം മമ്മൂട്ടിയാണ്. ഞാന്‍ അത് ഒരു സാധാരണ പൊലീസുകാരന്റെ കഥയായിട്ടായിരുന്നു എഴുതിയത്. മമ്മൂട്ടിയാണ് അങ്ങനെ വേണ്ട നമുക്ക് ഒരു സി.ബി.ഐ അന്വേഷണമാക്കാം എന്ന് പറഞ്ഞത്.

ആദ്യത്തെ സി.ബി.ഐ ഡയറിക്കുറിപ്പിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. ആ സിനിമയുടെ മുമ്പായിരുന്നു ആവനാഴി ഇറങ്ങി വമ്പന്‍ ഹിറ്റാകുന്നത്. ഇനി ആവാനാഴിയെ കടത്തിവെട്ടുന്ന സിനിമ പെട്ടെന്ന് നടക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞു. അതുകൊണ്ട് ട്രാക്ക് മാറ്റിപിടിക്കാമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് സി.ബി.ഐയുടെ കഥ ചെയ്യാമെന്ന് സജസ്റ്റ് ചെയ്യുന്നത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: SN Swamy Talks About Mammootty’s Charactor Name In Oru CBI Dairy Kurippu