| Wednesday, 17th April 2024, 2:49 pm

അവന് പകരം മറ്റൊരാളെ ശരിയാകില്ല; പുതിയ ചിത്രത്തില്‍ നായകനായി ധ്യാന്‍ വരാന്‍ ഒരു കാരണമുണ്ട്: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ തിരക്കഥാകൃത്തുകളില്‍ പ്രധാനിയും കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക് പ്രശസ്തനുമാണ് എസ്.എന്‍. സ്വാമി. അദ്ദേഹം നാല്പതോളം സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്.

ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. എന്തുകൊണ്ടാണ് ധ്യാനിനെ ചിത്രത്തില്‍ നായകനാക്കിയതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് എസ്.എന്‍. സ്വാമി. ഇ.ടി.വി ഭാരത് കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ധ്യാന്‍ ശ്രീനിവാസന്‍ ഈ പടത്തില്‍ വരാന്‍ കാരണം എന്റെ കഥയിലെ കഥാപാത്രം അവന് യോജിക്കും എന്നുള്ളത് കൊണ്ടാണ്. ഞാന്‍ എഴുതിയ കഥ ഞാന്‍ തന്നെ സംവിധാനം ചെയ്യാന്‍ കാരണം, ഈ സിനിമക്ക് ചില പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകള്‍ കൃത്യമായി പ്രൊജക്റ്റ് ചെയ്യണമെങ്കില്‍ ഒരുപക്ഷെ ധ്യാനിന് പകരം മറ്റൊരാള്‍ ചെയ്താല്‍ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളാണ് മോഹന്‍ലാല്‍ നായകനായ മൂന്നാംമുറയും മമ്മൂട്ടിയുടെ സി.ബി.ഐ സീരീസും. ഈ ചിത്രങ്ങള്‍ എസ്.എന്‍. സ്വാമിയുടെ തിരക്കഥയിലാണ് ഒരുങ്ങിയത്.

സി.ബി.ഐയിലെ മമ്മൂട്ടി കഥാപാത്രത്തിന് താന്‍ ആദ്യം കണ്ടെത്തിയ പേര് അലി ഇമ്രാന്‍ എന്നായിരുന്നു എന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. മമ്മൂട്ടിയാണ് ആ പേര് വേണ്ടെന്ന് പറഞ്ഞതെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.

‘ആ സിനിമക്കായി അലി ഇമ്രാന്‍ എന്ന ഒരു പേര് ഞാന്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ മമ്മൂട്ടിയാണ് അത് വേണ്ടെന്ന് പറഞ്ഞത്. ‘ആ പേര് വേണ്ട. ഞാന്‍ മുസ്ലിം ആയത് കൊണ്ടാണോ മുസ്ലിം കഥാപാത്രമാക്കിയതെന്ന് ആളുകള്‍ ചോദിക്കും’ എന്ന് മമ്മൂട്ടി പറയുകയായിരുന്നു.

അങ്ങനെ ഒരു ചോദ്യം വരാതിരിക്കാന്‍ ഈ പേര് വേണ്ടെന്ന് പറഞ്ഞു. അത് മാത്രമല്ല, ഇത് ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രമല്ലല്ലോ. അത് കാരണം ബ്രാഹ്‌മണ കഥാപാത്രമാകും നല്ലതെന്ന സജഷന്‍ വന്നു. അതും മമ്മൂട്ടിയുടെ ഭാഗത്ത് നിന്നാണ് വന്നത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: SN Swamy Talks About Dhyan Sreenivasan

We use cookies to give you the best possible experience. Learn more