|

അമല്‍ നീരദുമായി തര്‍ക്കമുണ്ടായിട്ടില്ല; എന്നാല്‍ അയാളുടെ ഡയറക്ഷനില്‍ ഞാന്‍ ഇടപെടാറില്ല: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1987ല്‍ മോഹന്‍ലാല്‍ ആദ്യമായി സാഗര്‍ ഏലിയാസ് ജാക്കി എന്ന കഥാപാത്രമായി എത്തിയ ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. എസ്.എന്‍. സ്വാമി തിരക്കഥയെഴുതി കെ. മധു സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപി, അംബിക, ഉര്‍വശി എന്നിവരും പ്രധാനവേഷത്തിലെത്തി.

പിന്നീട് 2009ല്‍ അമല്‍ നീരദ് ഈ സിനിമയുടെ തുടര്‍ച്ചയായി സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമ ചെയ്തു. എസ്.എന്‍. സ്വാമിയായിരുന്നു ഈ സിനിമക്കും തിരക്കഥയൊരുക്കിയത്. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ അമല്‍ നീരദിനെ കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി.

അമല്‍ നീരദിന്റെ സംവിധാനത്തില്‍ താന്‍ ഇടപെടാറില്ലെന്നും അയാള്‍ വലിയ എക്‌സ്‌പേര്‍ട്ടാണെന്നും എസ്.എന്‍. സ്വാമി. അമല്‍ നീരദിന് പറ്റിയ കഥയെഴുതി നല്‍കുകയാണ് താന്‍ ചെയ്യുന്നതെന്നും എന്തെങ്കിലുമുണ്ടെങ്കില്‍ അമല്‍ തന്നോട് ചോദിക്കാറുണ്ടെന്നും എസ്.എന്‍. സ്വാമി പറയുന്നു.

‘അമല്‍ നീരദിന്റെ ഡയറക്ഷനില്‍ ഞാന്‍ ഇടപെടാറില്ല. കാരണം അവര്‍ നമ്മളെക്കാള്‍ എക്‌സ്‌പേര്‍ട്ടാണ്. അവര്‍ക്ക് പറ്റിയ കഥ കൊടുക്കുക എന്നല്ലാതെ ഡയറക്ഷന്റെ കാര്യത്തില്‍ ഇടപെടാറില്ല.

പിന്നെ എന്തെങ്കിലും ഉണ്ടെങ്കില്‍ അമല്‍ എന്നോട് ചോദിക്കാറുണ്ട്. ഇങ്ങനെ മതിയോ, മാറ്റി ചെയ്യണോ എന്നൊക്കെ ചോദിക്കും. അമല്‍ നീരദുമായി അങ്ങനെ തര്‍ക്കമൊന്നും ഉണ്ടായിട്ടില്ല,’ എസ്.എന്‍. സ്വാമി പറയുന്നു.

താന്‍ ആദ്യമായി തീം മ്യൂസിക് കേള്‍ക്കുന്നത് ഇരുപതാം നൂറ്റാണ്ട് സിനിമയിലാണെന്നും അങ്ങനെ ഒരു മ്യൂസിക് വേണമെന്ന് തങ്ങള്‍ സംഗീത സംവിധായകന്‍ ശ്യാമിനോട് സൂചിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

‘ഇരുപതാം നൂറ്റാണ്ട് സിനിമയുടെ സമയത്താണ് തീം മ്യൂസിക് ആദ്യമായി തുടങ്ങുന്നത്. ഞാന്‍ ആദ്യമായി തീം മ്യൂസിക് കേള്‍ക്കുന്നത് ആ സിനിമയിലാണ്. അങ്ങനെ ഒന്ന് വേണമെന്ന നമ്മള്‍ ശ്യാംജിയോട് പറഞ്ഞതല്ല. പുള്ളി സ്വയം ഉണ്ടാക്കിയതാണ്.

ആ സിനിമ കണ്ടതും അദ്ദേഹം ലാല്‍ സാറിന് ഒരു തീം മ്യൂസിക് വേണമെന്ന് പറഞ്ഞു. അന്ന് തീം മ്യൂസിക് എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

അതിനെ കുറിച്ച് മുന്‍പരിചയമുണ്ടായിരുന്നില്ല. ഇങ്ങനെ ഒരു തീം മ്യൂസിക് ഉണ്ടെങ്കില്‍ ആ കഥാപാത്രത്തിന് ഒരു ഇംപാക്ട് ഉണ്ടാകുമെന്നാണ് പുള്ളി പറഞ്ഞത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: SN Swamy Talks About Amal Neerad

Video Stories