മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആ സിനിമകളില്‍ പാട്ട് കൊണ്ടുവന്നിട്ട് കാര്യമില്ല... എസ്.എന്‍. സ്വാമി
Film News
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആ സിനിമകളില്‍ പാട്ട് കൊണ്ടുവന്നിട്ട് കാര്യമില്ല... എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd February 2024, 8:51 am

മലയാള സിനിമയില്‍ ഏറെ ശ്രദ്ധേയനായ തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. അദ്ദേഹം തിരക്കഥയൊരുക്കിയ ചിത്രങ്ങളായിരുന്നു മോഹന്‍ലാല്‍ നായകനായ മൂന്നാംമുറയും മമ്മൂട്ടിയുടെ സി.ബി.ഐ സീരീസും.

അലി ഇമ്രാന്‍ എന്ന പൊലീസ് ഓഫീസറായിട്ടായിരുന്നു മോഹന്‍ലാല്‍ മൂന്നാംമുറയിലെത്തിയത്. സേതുരാമയ്യര്‍ എന്ന കഥാപാത്രമായിട്ടായിരുന്നു സി.ബി.ഐ സിനിമകളില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചത്. ഇപ്പോള്‍ സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ആ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി.

ആ സിനിമകളില്‍ എന്തുകൊണ്ടായിരുന്നു പാട്ട് കൊണ്ടുവരാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു സിനിമക്ക് വേണ്ടി കഥയെഴുതുന്ന സമയത്ത് ആ സിനിമയില്‍ പാട്ട് വേണമെന്ന തോന്നല്‍ തന്റെയുള്ളില്‍ വരണമെന്ന് എസ്.എന്‍. സ്വാമി പറഞ്ഞു.

മോഹന്‍ലാലിന്റെ മൂന്നാം മുറ സിനിമയിലോ മമ്മൂട്ടിയുടെ സി.ബി.ഐ സിനിമകളിലോ പാട്ട് വന്നാല്‍ അത് പ്രേക്ഷകരില്‍ ഏല്‍ക്കില്ലെന്നും ആളുകള്‍ സിനിമ കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് ഒരു കാരണവും ഇല്ലാതെ പാട്ട് കൊണ്ടുവരാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

‘നമുക്ക് കഥ എഴുതുന്ന സമയത്ത് എവിടെയെങ്കിലും ഒരു പാട്ട് വേണമെന്ന് ഉള്ളില്‍ ഒരു തോന്നല്‍ വരണം. അത് ഇമ്പോര്‍ട്ടന്റായ കാര്യമാണ്. ഇപ്പോള്‍ മോഹന്‍ലാലിന്റെ മൂന്നാം മുറ സിനിമയിലോ മമ്മൂട്ടിയുടെ സി.ബി.ഐ സിനിമകളിലോ പാട്ട് കൊണ്ടുവന്നാല്‍ ഏല്‍ക്കില്ല. ആളുകള്‍ സിനിമ കണ്ടുകൊണ്ടിരിക്കെ പെട്ടെന്ന് ഒരു കാരണവും ഇല്ലാത്ത കാരണം ഉണ്ടാക്കി കൊണ്ട് പാട്ട് കൊണ്ടുവരാന്‍ കഴിയില്ല,’ എസ്.എന്‍. സ്വാമി പറഞ്ഞു.

ആദ്യം മമ്മൂട്ടിയുടെ സേതുരാമയ്യര്‍ക്ക് വേണ്ടി കണ്ടെത്തിയതായിരുന്നു അലി ഇമ്രാന്‍ എന്ന പേരെന്നും എന്നാല്‍ അത് പിന്നീട് മൂന്നാംമുറ സിനിമയില്‍ മോഹന്‍ലാലിന് നല്‍കുകയായിരുന്നെന്നും അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അത് രണ്ടും രണ്ട് കഥാപാത്രങ്ങളായിരുന്നു. അലി ഇമ്രാനും സേതുരാമയ്യറും രണ്ട് ടൈപ്പ് ആളുകളാണ്. നേരെ ഓപ്പോസിറ്റ് ആയവരാണ്. പക്ഷേ മോഹന്‍ലാലിന്റെ മൂന്നാംമുറ ഒരുപാട് സാഹസികതകളുള്ള ചിത്രമാണ്,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: SN Swamy Talk About Songs In Moonnam Mura And CBI Movie