| Tuesday, 12th November 2024, 11:17 am

കാല് മടക്കി തൊഴിക്കാന്‍ പെണ്ണിനെ വേണമെന്നൊക്കെ അന്നത്തെ കാലത്ത് തമാശയായി എഴുതിയതാണ്: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ച് സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി. പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് എസ്.എന്‍. സ്വാമി. സിനിമ എന്ന കല എഴുത്തുകാരന്റെയും സംവിധായകന്റെയും ഫ്രീഡമാണെന്നും അതില്‍ നല്ലതും ചീത്തയും വിമര്‍ശനവും ഉണ്ടാകുമെന്നും നന്മയുടെ വിളനിലമായ കഥകള്‍ മാത്രം എഴുതാന്‍ ആര്‍ക്കും കഴിയില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

കഥ എന്നു പറയുമ്പോള്‍ അതില്‍ നല്ലതും ചീത്തയും ഉണ്ടാകുമെന്നും അനുഭവജ്ഞാനം കൊണ്ടാണ് കഥകള്‍ ഉണ്ടാക്കുന്നതെന്നും അതില്‍ പൊളിറ്റിക്കലി കറക്ട് എന്താണ്, ഇന്‍കറക്ട് എന്താണ് എന്നൊന്നും വേര്‍തിരിക്കാന്‍ കഴിയില്ലെന്നും സ്വാമി പറഞ്ഞു. കാല് മടക്കി തൊഴിക്കാന്‍ പെണ്ണിനെ വേണമെന്ന് നായകന്‍ പറയുന്നത് തമാശയായിട്ടാണ് അന്ന് എഴുതിയതെന്നും മോഹന്‍ലാല്‍ അതേ രീതിയിലാണ് ആ ഡയലോഗ് അവതരിപ്പിച്ചതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

ഒന്നോ രണ്ടോ സിനിമയില്‍ മാത്രമേ അത്തരം ഡയലോഗ് ഉപയോഗിച്ചിട്ടുള്ളൂവെന്നും അങ്ങനത്തെ ടേസ്റ്റ് ഉള്ള ആളുകളാണ് അന്ന് ആ ഡയലോഗ് എഴുതിയതെന്നും സ്വാമി പറഞ്ഞു. മോഹന്‍ലാല്‍ ഒരു പെണ്ണിനെ പീഡിപ്പിക്കുന്നത് കണ്ട് അയാളുടെ ആരാധകര്‍ അതുപോലെ ചെയ്യില്ലെന്നും നായകന്‍ ഒരു പെണ്ണിനെ റേപ്പ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അനുഭവിക്കുന്നത് കാണിച്ചില്ലെങ്കില്‍ അത് മോശമാണെന്നാണ് തന്റെ അഭിപ്രായമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു എസ്.എന്‍. സ്വാമി.

‘പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് എനിക്കറിയില്ല. നായകന്‍ നൂറ് ശതമാനം നല്ലവനാകണമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. കാരണം സിനിമ എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും ഫ്രീഡമാണ്. അതില്‍ അവര്‍ വിമര്‍ശിക്കും, നല്ലത് കാണിക്കും, മോശവും കാണിക്കും. നന്മയുടെ വിളനിലമായ കഥകള്‍ മാത്രം എഴുതാന്‍ ആര്‍ക്കും ഒരുകാലത്തും കഴിയില്ല.

ഓരോരുത്തരുടെയും അനുഭവജ്ഞാനം കൊണ്ടാണ് കഥകള്‍ ഉണ്ടാക്കുന്നത്. അതില്‍ നല്ലതും ചീത്തയുമെല്ലാം ഉള്‍പ്പെടും. അതില്‍ പൊളിറ്റിക്കലി കറക്ട് എന്താണ്, ഇന്‍കറക്ട് എന്താണ് എന്നൊന്നും വേര്‍തിരിക്കാന്‍ കഴിയില്ല. കാല് മടക്കി തൊഴിക്കാന്‍ ഒരു പെണ്ണിനെ വേണമെന്ന് പറയുന്നത് പോലുള്ള ഡയലോഗുകള്‍ ഒന്നോ രണ്ടോ സിനിമയില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അന്ന് അതൊക്കെ തമാശയായി എഴുതിയതാണ്. ആ രീതിയിലാണ് മോഹന്‍ലാല്‍ അതിനെ പ്രസന്റ് ചെയ്തതും.

അത്തരം ടേസ്റ്റുകളുള്ള എഴുത്തുകാരാണ് ആ ഡയലോഗിന്റെയൊക്കെ പിന്നില്‍. നായകന്‍ ഓരോ മോശം കാര്യം ചെയ്യുന്നത് കണ്ട് അയാളെ ആരാധിക്കുന്നവര്‍ അതുപോലെ ചെയ്യുമെന്നൊന്നും കരുതുന്നില്ല. ഉദാഹരണത്തിന് മോഹന്‍ലാല്‍ ഒരു പെണ്ണിനെ പീഡിപ്പിക്കുന്നത് കാണിച്ചാല്‍ അയാളുടെ ഫാന്‍സ് ഒരിക്കലും അതുപോലെ ചെയ്യാന്‍ പോകില്ല. ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം അങ്ങനെ കാണിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് ശിക്ഷ കിട്ടുന്നതും കാണിക്കണം. അല്ലെങ്കില്‍ അത് നീതികേടാണെന്നാണ് എന്റെ അഭിപ്രായം,’ എസ്.എന്‍. സ്വാമി പറയുന്നു.

Content Highlight: SN Swamy shares his thoughts on Political Correctness in cinemas

We use cookies to give you the best possible experience. Learn more