| Tuesday, 5th November 2024, 10:09 pm

തന്റെ പേരും പെര്‍ഫോമന്‍സും കൊണ്ട് മാത്രം സിനിമ വിജയിപ്പിക്കാന്‍ കഴിയുന്ന നടനാണ് അദ്ദേഹം: എസ്.എന്‍ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ തിരക്കഥാകൃത്താണ് എസ്.എന്‍. സ്വാമി. കുറ്റാന്വേഷണ ചിത്രങ്ങള്‍ക്ക് പ്രശസ്തനാണ് ഇദ്ദേഹം. മുപ്പത്തിയെട്ട് വര്‍ഷത്തോളമായി സിനിമാ രംഗത്ത് സജീവമായ എസ്.എന്‍. സ്വാമി നാല്പതോളം മലയാളചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കിയും സേതുരാമന്‍ അയ്യര്‍ സി.ബി.ഐയും നരസിംഹ മന്നാടിയാരുമെല്ലാം എസ്.എന്‍. സ്വാമിയുടെ തൂലികയില്‍ പിറന്ന കഥാപാത്രങ്ങളാണ്.

ഇന്നത്തെ കാലത്തെ വിജയ സിനിമകളെപ്പറ്റി സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി. ഒരു സ്റ്റാറിന്റെ പെര്‍ഫോമന്‍സ് കൊണ്ട് മാത്രം ഇന്ന് സിനിമ വിജയിക്കില്ലെന്ന് എസ്.എന്‍. സ്വാമി പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ കൈയില്‍ കിട്ടുന്ന ക്യാരക്ടര്‍ പരമാവധി സേഫാക്കുമെന്നും അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ മാക്‌സിമം ചെയ്യുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അതുകൊണ്ട് മാത്രം സിനിമ വിജയിക്കണമെന്ന് ഇന്ന് പറയാന്‍ കഴിയില്ലെന്നും പ്രേക്ഷകര്‍ക്ക് എല്ലാം കൊണ്ടും പെര്‍ഫക്ടായ സിനിമ വേണ്ടിവരുന്നുവെന്നും സ്വാമി പറഞ്ഞു. തങ്ങളുടെ പേരും പെര്‍ഫോമന്‍സും കൊണ്ട് മാത്രം സിനിമ വിജയിപ്പിക്കാന്‍ കഴിയുന്ന നടന്മാര്‍ ഇന്ന് കുറവാണെന്നും പണ്ടുകാലത്ത് മാത്രമേ അങ്ങനെയുള്ള നടന്മാര്‍ ഉണ്ടായിരുന്നുള്ളൂവെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

പ്രേം നസീര്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് കൊണ്ട് മാത്രം പല സിനിമകളും ഹിറ്റായിട്ടുണ്ടായിരുന്നെന്നും സ്വാമി പറഞ്ഞു. ടെക്‌നിക്കല്‍ മേഖലയെ അടക്കം ശ്രദ്ധിക്കുന്ന കാലമാണിതെന്നും പ്രേക്ഷകരെ പറ്റിക്കാന്‍ ഇനി കഴിയില്ലെന്നും സ്വാമി പറഞ്ഞു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു എസ്.എന്‍. സ്വാമി.

‘മോഹന്‍ലാലിന്റെ കൈയില്‍ ഒരു ക്യാരക്ടറിനെ കിട്ടിയാല്‍ അയാള്‍ അതിനെ സേഫാക്കും. മമ്മൂട്ടിക്കും അതുപോലെ ചെയ്യാന്‍ സാധിക്കും. എന്നാല്‍ അതുകൊണ്ട് മാത്രം ഇന്നത്തെ കാലത്ത് ഒരു സിനിമ വിജയിപ്പിക്കാന്‍ കഴിയില്ല. ഒരു താരത്തിന്റെ പെര്‍ഫോമന്‍സ് മാത്രം കൊണ്ട് സിനിമ ഹിറ്റാകില്ല. പ്രേക്ഷകരുടെ ടേസ്റ്റ് മൊത്തത്തില്‍ മാറി. അവര്‍ക്ക് വിഭവസമൃദ്ധമായ സദ്യയാണ് ഇപ്പോള് വേണ്ടത്. അതില്‍ കോംപ്രമൈസ് കാണിക്കില്ല.

തന്റെ പേരും പെര്‍ഫോമന്‍സും കൊണ്ട് മാത്രം സിനിമ ഹിറ്റാക്കാന്‍ കഴിയുന്ന നടന്മാര്‍ ഇന്ന് കുറവാണ്. പണ്ട് അതുപോലുള്ള നടന്മാര്‍ ഉണ്ടായിരുന്നു. പ്രേം നസീര്‍ സാര്‍ അതിന്റെ ഉദാഹരണമാണ്. പുള്ളിയുടെ മാത്രം പെര്‍ഫോമന്‍സ് കൊണ്ട് എത്രയോ സിനിമകള്‍ ഹിറ്റായിട്ടുണ്ട്. ഇന്ന് അങ്ങനെ നടക്കില്ല. ടെക്‌നിക്കല്‍ മേഖലയെക്കുറിച്ച് ഓഡിയന്‍സിന് വിവരം വെച്ചു. ഇനിയങ്ങോട്ട് പ്രേക്ഷകരെ പറ്റിക്കാന്‍ സാധിക്കില്ല’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: SN Swamy says that audience have higher cinema knowledge in nowadays

We use cookies to give you the best possible experience. Learn more