| Saturday, 5th October 2024, 7:34 pm

മമ്മൂട്ടിയുടെ കരിയറില്‍ അദ്ദേഹം പേരില്ലാത്ത കഥാപാത്രമായി അഭിനയിച്ച ഒരേയൊരു സിനിമ അതാണ്: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 1984ല്‍ റിലീസായ ചക്കരയുമ്മയിലൂടെ സിനിമാമേഖലയിലേക്കെത്തിയ എസ്.എന്‍. സ്വാമി 40 വര്‍ഷത്തെ കരിയറില്‍ 60ലധികം ചിത്രങ്ങള്‍ക്ക് വേണ്ടി തൂലിക ചലിപ്പിച്ചു. സേതുരാമയ്യര്‍, സാഗര്‍ ഏലിയാസ് ജാക്കി, നരസിംഹ മന്നാഡിയാര്‍ തുടങ്ങി മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളുടെ സ്രഷ്ടാവാണ് എസ്.എന്‍. സ്വാമി.

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കളിക്കളം. മമ്മൂട്ടി നായകനായ ചിത്രത്തില്‍ മുരളി ശോഭന എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ചിത്രത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് എസ്.എന്‍. സ്വാമി. കളിക്കളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച നായകകഥാപാത്രത്തിന് പേരില്ലെന്ന് എസ്.എന്‍. സ്വാമി പറഞ്ഞു. മമ്മൂട്ടിയുടെ കരിയറില്‍ അതിന് മുമ്പോ ശേഷമോ അതുപോലെ പേരില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.

തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ബുദ്ധിമാനായ കള്ളനായാണ് മമ്മൂട്ടി ആ സിനിമയിലെത്തിയതെന്നും പല പേരുകളിലായാണ് ആ കഥാപാത്രം അറിയപ്പെട്ടതെന്നും സ്വാമി പറഞ്ഞു. ആ കഥാപാത്രത്തിന് യഥാര്‍ത്ഥ പേര് പാടില്ലെന്നുള്ളത് സത്യന്‍ അന്തിക്കാടിന്റെ നിര്‍ബന്ധമായിരുന്നെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. അക്കാര്യം എങ്ങനെ ശരിയാകുമെന്ന് ശ്രീനിവാസന്‍ തന്നോട് ചോദിച്ചിരുന്നെന്നും സ്വാമി പറഞ്ഞു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പലരും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, കളിക്കളം എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് പേരില്ല, ഓരോ തവണ മോഷണം നടത്തുമ്പോഴും ഓരോ പേര് പറയുന്നുണ്ടെങ്കിലും അയാളുടെ യഥാര്‍ത്ഥ പേര് എവിടെയും വെളിപ്പെടുത്തുന്നില്ല. അതിന് മുമ്പോ ശേഷമോ മമ്മൂട്ടി അങ്ങനെ പേരില്ലാത്ത കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ല. സത്യന്‍ അന്തിക്കാടിന്റെ നിര്‍ബന്ധമായിരുന്നു അത്. നായകകഥാപാത്രത്തിന് പേര് പാടില്ല എന്നത്.

ഇക്കാര്യം അറിഞ്ഞപ്പോള്‍ ശ്രീനി എന്നോട് ചോദിച്ചു ‘ഇതെങ്ങനെ ശരിയാകും? നായകന് പേര് വേണ്ടേ? ‘ എന്ന്. അതുമായി ബന്ധപ്പെട്ട ഡയലോഗ് പുള്ളി അതില്‍ പറയുന്നുമുണ്ട്. ‘വളരെ വ്യത്യസ്തമായ ഒരു സബ്ജക്ട് എനിക്ക് മമ്മൂട്ടിയെ വെച്ച് ചെയ്യണം, ഒരു കള്ളന്റെ കഥയായാലോ സ്വാമി’ എന്ന് പറഞ്ഞത് സത്യന്‍ അന്തിക്കാടായിരുന്നു. ഫാമിലി സബ്ജക്ടില്‍ നിന്ന് മാറി സത്യന്‍ ചെയ്ത സിനിമകളിലൊന്നായിരുന്നു അത്,’ എസ്.എന്‍. സ്വാമി പറഞ്ഞു.

Content Highlight: SN Swamy saying that Mammooty’s character dont have a name in Kalikkalam movie

We use cookies to give you the best possible experience. Learn more