|

മലയാളസിനിമക്ക് വ്യത്യസ്തമായ അപ്പ്രോച്ച് ഉണ്ടാക്കിയെടുത്തത് ആ രണ്ട് സംവിധായകരാണ്: എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 40 വര്‍ഷമായി മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന എസ്.എന്‍. സ്വാമി 40ലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ ഒരുക്കിയ സ്വാമിയുടെ തൂലികയില്‍ നിന്ന് ഒരുപിടി മികച്ച കഥാപാത്രങ്ങളും പിറവികൊണ്ടു.

സാഗര്‍ ഏലിയാസ് ജാക്കി, സേതുരാമയ്യര്‍, അലി ഇമ്രാന്‍, നരസിംഹ മന്നാഡിയാര്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ സ്രഷ്ടാവ് എസ്.എന്‍. സ്വാമിയാണ്. മലയാളസിനിമയില്‍ മികച്ച സംവിധായകനായി താന്‍ കണക്കാക്കുന്ന രണ്ടുപേരെപ്പറ്റി സംസാരിക്കുകയാണ് എസ്.എന്‍. സ്വാമി. ഐ.വി. ശശിയും പി.എന്‍ മേനോനുമാണ് ആ രണ്ടുപേരെന്ന് സ്വാമി പറഞ്ഞു.

ഒരു സംവിധായകന്റെ പേര് കണ്ട് ആളുകള്‍ സിനിമക്ക് ടിക്കറ്റ് എടുത്തത് ഐ.വി. ശശിയുടെ കാലത്താണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. സേതുമാധവന്‍, രാമു കാര്യാട്ട് തുടങ്ങിയ ലെജന്‍ഡ്‌സ് ഉണ്ടായിരുന്നെങ്കിലും ആളുകള്‍ക്ക് പരിചിതമായ പേര് ഐ.വി. ശശിയുടേതായിരുന്നുവെന്നും സ്വാമി പറഞ്ഞു.

അതുപോലെ ഒരു സംവിധായകനായിരുന്നു പി.എന്‍. മേനോനെന്നും അവര്‍ രണ്ടുപേരുമാണ് മലയാളസിനിമക്ക് വ്യത്യസ്തമായ അപ്പ്രോച്ച് ഉണ്ടാക്കിയെടുത്തതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഐ.വി. ശശിയുടെ കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹം ചെറിയ നടന്മാരെ വെച്ചാണ് സിനിമകള്‍ ചെയ്തതെന്നും അതെല്ലാം വലിയ ഹിറ്റായി മാറിയെന്നും സ്വാമി പറഞ്ഞു.

പിന്നീട് അദ്ദേഹം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളെല്ലാം മലയാളസിനിമയുടെ നാഴികക്കല്ലായി മാറിയെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയയോട് സംസാരിക്കുകയായിരുന്നു എസ്.എന്‍. സ്വാമി.

‘ഐ.വി. ശശിയുടെ കാലത്താണ് സാധാരണ പ്രേക്ഷകര്‍ പോലും സംവിധായകന്റെ പേര് നോക്കി സിനിമക്ക് ടിക്കറ്റ് എടുത്തുതുടങ്ങിയത്. അതിന് മുമ്പ് സേതുമാധവന്‍ സാറും രാമു കാര്യാട്ട് സാറുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഐ.വി. ശശിക്ക് കിട്ടിയതുപോലെ പോപ്പുലാരിറ്റി അവര്‍ക്ക് കിട്ടിയിട്ടില്ല. ആളുകള്‍ക്ക് ഐ.വി. ശശി എന്ന പേര് അത്രക്ക് പരിചിതമായിരുന്നു.

അതുപോലെ ഒരു സംവിധായകനാണ് പി.എന്‍. മേനോന്‍ സാര്‍. അവര്‍ രണ്ടുപേരുമാണ് മലയാളസിനിമക്ക് വ്യത്യസ്തമായ അപ്പ്രോച്ച് ഉണ്ടാക്കിക്കൊടുത്തത്. ഐ.വി. ശശിയുടെ കരിയറിന്റെ തുടക്കത്തില്‍ അയാള്‍ ചെയ്തത് മള്‍ട്ടിസ്റ്റാര്‍ പടങ്ങളൊന്നുമല്ല. രാഘവന്‍, വിന്‍സെന്റ് പോലുള്ള ചെറിയ നടന്മാരെ വെച്ചാണ് അയാള്‍ കൂടുതലായും സിനിമകള്‍ ചെയ്തത്. അതെല്ലാം വലിയ ഹിറ്റുകളായിട്ടുമുണ്ട്. പിന്നീട് അദ്ദേഹം ചെയ്ത മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളെല്ലാം മലയാളസിനിമയുടെ നാഴികക്കല്ലായി മാറിയിട്ടുണ്ട്,’ എസ്.എന്‍. സ്വാമി പറയുന്നു.

Content Highlight: SN Swamy saying that I V Sasi and P N Menon changed the approach of Malayalam cinema