72ാം വയസില്‍ ആദ്യമായി സംവിധായകനാവാന്‍ ഒരുങ്ങി എസ്. എന്‍. സ്വാമി. മലയാളത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കായി തിരക്കഥ രചിച്ച എസ്.എന്‍. സ്വാമി ഇതുവരെ ഒരു ചിത്രവും സംവിധാനം ചെയ്തിരുന്നില്ല.
സ്വാമിയുടെ മകന്‍ ശിവറാമാണ് സഹസംവിധായകന്‍. എറണാകുളത്തപ്പന്‍ ക്ഷേത്ര സമിതി പ്രസിഡന്റായ പി. രാജേന്ദ്ര പ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്.
1980ല്‍ ‘ചക്കരയുമ്മ’ എന്ന സിനിമയിലൂടെയാണ് എസ്.എന്‍.സ്വാമി തിരക്കഥാകൃത്തായി മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടി. മമ്മൂട്ടിക്കൊപ്പം ഒരു സി.ബി.ഐ. ഡയറിക്കുറിപ്പും മോഹന്‍ലാലിനൊപ്പം ഇരുപതാം നൂറ്റാണ്ടും ഒരുക്കിയ സ്വാമി അന്‍പതോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.
അഞ്ച് ഭാഗങ്ങളിലേക്ക് വളര്‍ന്ന സി.ബി.ഐ. സിനിമാ പരമ്പരയുടെ രചയിതാവ് എന്ന നിലക്ക് റെക്കോഡ് ബുക്കുകളിലും ഇടം നേടി. സി.ബി.ഐ സിരിസിലിലെ അഞ്ചാം ഭാഗമായ സി.ബി.ഐ. 5 ദി ബ്രെയ്‌നാണ് എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ ഒടുവില്‍ പുറത്ത് വന്ന ചിത്രം. മമ്മൂട്ടി, മുകേഷ്, സായ് കുമാര്‍ തുടങ്ങി സി.ബി.ഐ ചിത്രത്തിലെ സ്ഥിരം സാന്നിധ്യങ്ങള്‍ക്ക് പുറമേ രമേഷ് പിഷാരടി, ആശാ ശരത്, സൗബിന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍ എന്നിവരും ചിത്രത്തിലെത്തിയിരുന്നു.