മലയാളത്തിലെ ഐക്കോണിക് കഥാപാത്രങ്ങളിലൊന്നാണ് സാഗര്‍ ഏലിയാസ് ജാക്കി. എസ്. എന്‍ സ്വാമിയുടെ രചനയില്‍ കെ.മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ നായകകഥാപാത്രമാണ് സാഗര്‍ ഏലിയാസ് ജാക്കി. ഇതേ കഥാപാത്രത്തെ നായകനാക്കി 2009ല്‍ അമല്‍ നീരദ് സാഗര്‍ ഏലിയാസ് ജാക്കി എന്ന പേരില്‍ സിനിമ ചെയ്തിരുന്നു.
എന്നാല്‍ കഥാപാത്രത്തിന് ആദ്യം നല്‍കാനിരുന്ന പേര് ഇതല്ലായിരുന്നുവെന്ന് എസ്.എന്‍ സ്വാമി പറഞ്ഞു.സാഗര്‍ അഥവാ ജാക്കി എന്ന് അര്‍ത്ഥം വരുന്ന സാഗര്‍ അലയാസ് ജാക്കി എന്ന പേരായിരുന്നു ആദ്യം താന്‍ ആലോചിച്ചതെന്നും എന്നാല്‍ മോഹന്‍ലാലിന്റെ നിര്‍ബന്ധം കൊണ്ടാണ് സാഗര്‍ ഏലിയാസ് ജാക്കി എന്ന പേര് വെച്ചതെന്നും എസ്.എന്‍ സ്വാമി പറഞ്ഞു.
ആ പേര് മാറ്റുന്ന പ്രശ്‌നമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതുകൊണ്ടാണ് സാഗര്‍ ഏലിയാസ് ജാക്കി എന്ന പേരിലേക്ക് വന്നതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലുക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് എസ്.എന്‍. സ്വാമി ഇക്കാര്യം പറഞ്ഞത്.
‘അതുവരെയുള്ള നായകന്മാരെക്കള്‍ വളരെയധികം സ്റ്റൈലിഷായിട്ടുള്ള പേരായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാലിന്റേത്. സാഗര്‍ ഏലിയാസ് ജാക്കി എന്നായിരുന്നില്ല ആദ്യത്തെ പേര്. സാഗര്‍ അഥവാ ജാക്കി എന്ന് അര്‍ത്ഥം വരുന്ന സാഗര്‍ അലയാസ് ജാക്കി എന്നായിരുന്നു എന്റെയും മധുവിന്റെയും മനസില്‍. പക്ഷേ മോഹന്‍ലാലിന്റെ നിര്‍ബന്ധമായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി എന്ന പേര്.
ഈ പേര് മതി എന്ന് ലാല്‍ വാശി പിടിക്കുകയായിരുന്നു. വേറെ പേരൊന്നും വേണ്ട, ഇത് മതിയെന്ന് ലാല്‍ വാശി പിടിച്ചപ്പോള്‍ ഞാനും മധുവും സമ്മതിക്കുകയായിരുന്നു. അതുപോലെ മലയാളത്തില്‍ ആദ്യമായി നായകന്റെ ഇന്‍ട്രോയ്ക്ക് പ്രത്യേക ബി.ജി.എം ഉപയോഗിച്ചത് ഇരുപതാം നൂറ്റാണ്ടിലായിരുന്നു. ശ്യാമിനോട് ഞാന്‍ പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതായിരുന്നു അത്,’ എസ്.എന്‍ സ്വാമി പറഞ്ഞു.
Content Highlight: SN Swamy about the character of Mohanlal in Irupatham Noottand movie