| Tuesday, 6th August 2024, 7:01 pm

സാധാരണ സിനിമയിലേക്ക് വരുന്നവർ അനുഭവിച്ച ബുദ്ധിമുട്ടൊന്നും എനിക്കുണ്ടായിരുന്നില്ല: എസ്.എൻ സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളചലച്ചിത്രരംഗത്തെ പ്രമുഖനായ തിരക്കഥാകൃത്താണ് എസ്.എൻ. സ്വാമി. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പ്രശസ്തനാണ് ഇദ്ദേഹം. മുപ്പത്തിയെട്ട് വർഷത്തോളമായി സിനിമാ രംഗത്ത് സജീവമായ എസ്.എൻ. സ്വാമി നാല്പതോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സാഗർ ഏലിയാസ് ജാക്കിയും സേതുരാമൻ അയ്യർ സി.ബി.ഐയും നരസിംഹ മന്നാടിയാരുമെല്ലാം എസ്.എൻ. സ്വാമിയുടെ തൂലികയിൽ പിറന്ന കഥാപാത്രങ്ങളാണ്.

ചെറുപ്രായത്തിൽ തന്നെ സിനിമ മേഖലയിലേക്ക് വന്ന സ്വാമി, താൻ സിനിമയിലേക്ക് വരാൻ മറ്റുള്ളവരെപ്പോലെ ബുദ്ധിമുട്ടിയില്ലെന്നും തനിക്ക് നിർമാതാക്കളെയും അഭിനേതാക്കളെയും കിട്ടാൻ പ്രയാസം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും പറയുകയാണ് ക്ലബ് ഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ.

‘സാധാരണ സിനിമയിലേക്ക് വരുന്നവർ സഹിക്കുന്ന ബുദ്ധിമുട്ടുകൾ ഒന്നുമെനിക്ക് ഉണ്ടായിരുന്നില്ല. എന്റെ സിനിമയിലെ നിർമാതാക്കളെല്ലാം എന്റെ സുഹൃത്തുക്കളായിരുന്നു. എന്റെ പടത്തിൽ അഭിനയിച്ചവരെല്ലാം ഞാൻ എപ്പോൾ ചോദിച്ചാലും ഡേറ്റ് തരുന്നവരായിരുന്നു.

സാഗർ അപ്പച്ചനോട് ഞാൻ ചുമ്മാ ഒരിക്കൽ പറഞ്ഞു നമുക്കൊരു സിനിമ ചെയ്യണമെന്ന്. അദ്ദേഹം അത് അപ്പോഴേ സമ്മതിച്ചു. തകര സിനിമ റിലീസ് ആയ ദിവസം ഞാൻ കാണാൻ പോയിരുന്നു. ഇന്റെർവെല്ലിന് പുറത്തിറങ്ങിയപ്പോൾ നിർമ്മാതാവ് ഹരി പോത്തനും ഭരതനുംകൂടെ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ട് ചെന്ന് എന്നെ പരിചയപ്പെടുത്തി. പിറ്റേന്ന് ഹരി സാറിന്റെ വീട്ടിൽപോയി അദ്ദേഹത്തെ കണ്ടു. അങ്ങനെയാണ് ചാമരം സംഭവിക്കുന്നത്.’ എസ്.എൻ.സ്വാമി പറയുന്നു.

ചാമരമാണ് അദ്ദേഹം രചന നിർവഹിച്ച ആദ്യ സിനിമ. പിന്നീടങ്ങോട് നിരവധി മികച്ച സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. അതിൽ പലതും സൂപ്പർ ഹിറ്റുകളായിരുന്നു. എഴുപത്തി രണ്ടാം വയസ്സിൽ എസ്.എൻ.സ്വാമി ആദ്യമായി ഡയറക്റ്റ് ചെയ്യുന്ന സിനിമ സീക്രട്ട് 2024 ജൂലൈ 26 ന് തീയറ്ററുകളിൽ എത്തിയിരുന്നു.

ഈ സിനിമയുടെ രചന നിർവ്വഹിച്ചതും അദ്ദേഹ തന്നെയാണ്. ധ്യാൻ ശ്രീനിവാസൻ,അപർണ്ണ തുടങ്ങിയവരാണ് സീക്രട്ടിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സി.ബി.ഐ. ചലച്ചിത്രപരമ്പര, കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ.

Content Highlight: SN Swamy about the beginning of his career

We use cookies to give you the best possible experience. Learn more