ന്യൂജനറേഷന്‍ ഉദ്ദേശിക്കുന്ന പോലെയാകണം എന്നില്ല; അല്‍പം പക്വതയുള്ളവര്‍ക്ക് സി.ബി.ഐ അഞ്ച് വളരെ ഇഷ്ടപ്പെടും; പ്രേക്ഷക പ്രതികരണത്തെക്കുറിച്ച് എസ്.എന്‍. സ്വാമി
ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിലെത്തിയതെങ്കിലും കെ. മധു- മമ്മൂട്ടി- എസ്.എന്‍. സ്വാമി കൂട്ടുകെട്ടിലൊരുങ്ങിയ സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗമായ സി.ബി.ഐ 5 ദ ബ്രെയിനിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുതിയ കാലത്തിനനുസൃതമായ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറല്ല ചിത്രം എന്നാണ് ഉയരുന്ന വിമര്‍ശനം. കാസ്റ്റിങ്ങും മേക്കപ്പുമടക്കമുള്ള കാര്യങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്.
സി.ബി.ഐ അഞ്ചിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷക പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി.
സി.ബി.ഐ അഞ്ചാം ഭാഗത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രതികരണങ്ങള്‍ എങ്ങനെയുണ്ടെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അത് നാചുറലാണ്. കാരണം ഏത് സിനിമയായാലും അങ്ങനെയുണ്ടാകും. പിന്നെ കാലഘട്ടത്തിന്റെ വ്യത്യാസവുമുണ്ടാകും. ന്യൂ ജനറേഷന്‍ ഉദ്ദേശിക്കുന്ന പോലെയാകണം എന്നില്ല. പക്ഷെ അതേസമയം അല്‍പം മെച്വേര്‍ഡ് ആയവര്‍ക്ക്, പക്വതയുള്ളവര്‍ക്ക് സിനിമ വളരെ ഇഷ്ടപ്പെടും.
ഒരു സി.ബി.ഐ സിനിമകള്‍ക്കും കാണാത്ത അത്ര സ്ത്രീകളുടെ തിരക്ക് ഈ സിനിമക്ക് തിയേറ്ററില്‍ കണ്ടു. അത് ഭയങ്കര അത്ഭുതമാണ്. എനിക്ക് അങ്ങനെ യാതൊരു കാല്‍ക്കുലേഷനും ഇല്ലായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല,” എസ്.എന്‍. സ്വാമി പറഞ്ഞു.