| Monday, 7th June 2021, 5:07 pm

സേതുരാമയ്യര്‍ എന്നായിരുന്നില്ല അലി ഇമ്രാന്‍ എന്നായിരുന്നു എഴുതിയ പേര്: പട്ടര് കഥാപാത്രമല്ലേ നല്ലതെന്ന് ചോദിച്ചതു മമ്മൂട്ടിയായിരുന്നു; എസ്.എന്‍. സ്വാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി എസ്.എന്‍. സ്വാമി തിരക്കഥയെഴുതിയ ചിത്രമായിരുന്നു സേതുരാമയ്യര്‍ സി.ബി.ഐ.

തിരക്കഥ എഴുതുന്നതിനു മുന്‍പ് ഒരു കൊലപാതകവും പൊലീസ് അന്വേഷണവുമാണ് തന്റെ മനസിലുള്ള ആശയമെന്നു മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ ആവനാഴിക്ക് അപ്പുറം ഒരു പൊലീസ് കഥ പറയാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും താന്‍ പൊലീസിനെ വിട്ടു സി.ബി.ഐയെ പിടിക്ക് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്നും എസ്.എന്‍. സ്വാമി ഓര്‍ക്കുന്നു.

അതുപോലെ സേതുരാമയ്യര്‍ എന്നായിരുന്നില്ല അലി ഇമ്രാന്‍ എന്നായിരുന്നു താന്‍ കഥാപാത്രത്തിന് ഇടാന്‍ ഉദ്ദേശിച്ച പേരെന്നും മമ്മൂട്ടിയാണ് ഒരു പട്ടര് കഥാപാത്രമല്ലേ നല്ലതെന്ന് ചോദിച്ചതെന്നും എസ്.എന്‍. സ്വാമി വനിതയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. എഴുത്ത് എവിടെ വരെ എത്തി എന്നറിയാന്‍ ഇടയ്ക്ക് മമ്മൂട്ടി വിളിക്കും. നന്നായി നടക്കുന്നു എന്ന് മറുപടി നല്‍കും. ഒരു ദിവസം മമ്മൂട്ടി മുറിയിലെത്തി. തിരക്കഥ ഏതുവരെയായി എന്ന് ചോദിച്ചപ്പോള്‍ അതുവരെ എഴുതിയ ഭാഗം മമ്മൂട്ടിയെ വായിച്ചു കേള്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് അലി ഇമ്രാന്‍. അദ്ദേഹത്തെ സഹായിക്കാന്‍ മൂന്ന് നാല് അസിസ്റ്റന്റുമാര്‍. ഈ കേസന്വേഷണത്തിന് നല്ലൊരു പട്ടരുകഥാപാത്രമല്ലേ നല്ലതെന്നു മമ്മൂട്ടിയുടെ ചോദ്യം.

പിന്നീട് അദ്ദേഹം ചെയ്തത് താന്‍ എഴുതിവെച്ച ചില സീനുകള്‍ അഭിനയിച്ചുകാണിക്കുകയായിരുന്നു. സി.ബി.ഐ ഡയറിക്കുറിപ്പില്‍ സേതുരാമയ്യര്‍ നടന്നതുപോലെ കൈ പിറകില്‍ കെട്ടിയുള്ള നടപ്പ്. അതുപോലെയുള്ള സംഭാഷണം.

സാധാരണ ഷൂട്ടിങ് തുടങ്ങി രണ്ടോ മൂന്നോ ദിവസം കൊണ്ട് മമ്മൂട്ടി കഥാപാത്രത്തിലേക്ക് പ്രവേശിക്കുന്നതാണ് അനുഭവം. എന്നാല്‍ ഇവിടെ സ്‌ക്രിപ്റ്റ് എഴുതിത്തുടങ്ങിയപ്പോഴേ മമ്മൂട്ടി കഥാപാത്രമായി മാറുകയായിരുന്നു.

ബാഹ്യആഢംബരങ്ങള്‍ക്ക് പ്രസക്തി കൊടുക്കാത്ത ബുദ്ധികൂര്‍മത കൊണ്ട് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനായി മമ്മൂട്ടിയെ മനസില്‍ കണ്ട് തിരക്കഥ പൂര്‍ത്തിയാക്കി. മമ്മൂട്ടിയാകട്ടെ അയ്യരായി ജീവിക്കുകയായിരുന്നു. ഹെയര്‍കട്ട് മുതല്‍ കാവിമുണ്ടും കയ്യുള്ള ബനിയനും ധരിക്കുന്ന വീട്ടുവേഷത്തില്‍ വരെ മമ്മൂട്ടി ശ്രദ്ധ ചെലുത്തി, എസ്.എന്‍. സ്വാമി ഓര്‍ക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: Script Writer SN Swamy About Sethurama iyer CBI Mammootty

We use cookies to give you the best possible experience. Learn more