മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി എസ്.എന്‍. സ്വാമി തിരക്കഥയെഴുതിയ ചിത്രമായിരുന്നു സേതുരാമയ്യര്‍ സി.ബി.ഐ.
തിരക്കഥ എഴുതുന്നതിനു മുന്‍പ് ഒരു കൊലപാതകവും പൊലീസ് അന്വേഷണവുമാണ് തന്റെ മനസിലുള്ള ആശയമെന്നു മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ ആവനാഴിക്ക് അപ്പുറം ഒരു പൊലീസ് കഥ പറയാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും താന്‍ പൊലീസിനെ വിട്ടു സി.ബി.ഐയെ പിടിക്ക് എന്നായിരുന്നു മമ്മൂട്ടി പറഞ്ഞതെന്നും എസ്.എന്‍. സ്വാമി ഓര്‍ക്കുന്നു.
അതുപോലെ സേതുരാമയ്യര്‍ എന്നായിരുന്നില്ല അലി ഇമ്രാന്‍ എന്നായിരുന്നു താന്‍ കഥാപാത്രത്തിന് ഇടാന്‍ ഉദ്ദേശിച്ച പേരെന്നും മമ്മൂട്ടിയാണ് ഒരു പട്ടര് കഥാപാത്രമല്ലേ നല്ലതെന്ന് ചോദിച്ചതെന്നും എസ്.എന്‍. സ്വാമി വനിതയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ട്രിവാന്‍ഡ്രം ക്ലബ്ബില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. എഴുത്ത് എവിടെ വരെ എത്തി എന്നറിയാന്‍ ഇടയ്ക്ക് മമ്മൂട്ടി വിളിക്കും. നന്നായി നടക്കുന്നു എന്ന് മറുപടി നല്‍കും. ഒരു ദിവസം മമ്മൂട്ടി മുറിയിലെത്തി. തിരക്കഥ ഏതുവരെയായി എന്ന് ചോദിച്ചപ്പോള്‍ അതുവരെ എഴുതിയ ഭാഗം മമ്മൂട്ടിയെ വായിച്ചു കേള്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് അലി ഇമ്രാന്‍. അദ്ദേഹത്തെ സഹായിക്കാന്‍ മൂന്ന് നാല് അസിസ്റ്റന്റുമാര്‍. ഈ കേസന്വേഷണത്തിന് നല്ലൊരു പട്ടരുകഥാപാത്രമല്ലേ നല്ലതെന്നു മമ്മൂട്ടിയുടെ ചോദ്യം.